
കോഴിക്കോട് : കണ്ടിവാതുക്കൽ മലയോരത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. രണ്ടുദിവസമായി ജനവാസകേന്ദ്രത്തിന് സമീപം തമ്പടിച്ച കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. കോഴിക്കോട്-കണ്ണൂർ ജില്ലാ അതിർത്തിയായ കണ്ണവം വനത്തിൽനിന്നാണ് കാട്ടാനകൾ കൂട്ടമായിറങ്ങി കൃഷി നശിപ്പിച്ചത്. ഇതോടെ സന്ധ്യമയങ്ങിയാൽ ഭീതിയോടെയാണ് കണ്ടിവാതുക്കൽ അംബേദ്കർ കോളനിവാസികൾ കഴിയുന്നത്.
മേഖലയിലെ തെങ്ങ്, റബ്ബർ,വാഴ, കവുങ്ങ്, പ്ലാവ് തുടങ്ങിയ കൃഷികളാണ് കാട്ടാനക്കൂട്ടം കൂടുതലായും നശിപ്പിച്ചത്. സി.സി. ചന്ദ്രൻ, മീത്തൽ ബാലകൃഷ്ണൻ, ചിറ്റാരി ബാലകൃഷ്ണൻ, മീത്തൽ ദേവി, മീത്തൽ അനീഷ്, മീത്തൽ ചന്ദ്രൻ, കിഴക്കേകര വിജയൻ, കാട്ടിക്കുഴി ഇന്ദിര, മീത്തൽ സുര, മീത്തൽ റിമേഷ് എന്നിവരുടെ തെങ്ങ്, വാഴ, റബ്ബർ തുടങ്ങിയ കൃഷികളും കൈയാലകളും കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു. നൂറോളം റബ്ബർമരങ്ങളും ഇരുപതോളം തെങ്ങുകൾ, നൂറിലധികം വാഴകളുമാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആനകളിറങ്ങി നശിപ്പിച്ചത്.
രാവിലെ വീടുകളിൽ വെളളം ലഭിക്കാതായതോടെ വെള്ളമെടുക്കുന്ന പൈപ്പുകൾ തകരാറിലായിട്ടുണ്ടോ എന്ന് നോക്കാൻപോയ സ്ത്രീകളാണ് പൈപ്പുകൾ തകർത്ത് കൃഷിയിടത്തിൽ നിലയുറപ്പിച്ച ആനകളെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി പടക്കംപൊട്ടിച്ച് ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും കാട്ടിലേക്ക് മടങ്ങാതെ ആനകൾ കൃഷിയിടത്തിൽത്തന്നെ തമ്പടിച്ചുനിൽക്കുകയാണ്.





