
മാവൂർ : ചെറൂപ്പ ആശുപത്രിയോടുള്ള അവഗണനയ്ക്കെതിരേ 44 ദിവസമായി തുടരുന്ന സമരത്തിനുനേരെ പോലീസ് നടപടി. ഉപരോധസമരം നടത്തിയവരെ അറസ്റ്റുചെയ്തുനീക്കി. ആശുപത്രി ഭരണവിഭാഗം ഓഫീസിനുമുന്നിൽ കെട്ടിയ സമരപ്പന്തൽ പോലീസ് പൊളിച്ചുമാറ്റി.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള 19 പേരെയാണ് പോലീസ് അറസ്റ്റുചെയ്തുനീക്കിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മിഷണർ കെ. സുദർശനന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് ഉൾപ്പെടെയുള്ള നേതാക്കളെയും സമര വൊളന്റിയർമാരെയും അറസ്റ്റുചെയ്തുനീക്കിയത്. മാവൂർ പോലീസ് ഇൻസ്പെക്ടർ പി. രാജേഷ്, പ്രിൻസിപ്പൽ എസ്.ഐ. വി. അനുരൂപ് തുടങ്ങിയവർ അറസ്റ്റിന് നേതൃത്വംനൽകി. രാവിലെ ഉപരോധസമരം തുടങ്ങി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് ഉദ്ഘാടനംചെയ്ത ഉടനെയാണ് അറസ്റ്റ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 13 മുതലാണ് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുന്നിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധസമരം തുടങ്ങിയത്. ആശുപത്രി മാനേജ്മെന്റ് സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ സമരം പിന്നീട് സംയുക്ത സമരസമിതി ഏറ്റെടുക്കുകയായിരുന്നു.
സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മാവൂർ പോലീസ് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പന്തൽ പൊളിച്ചുമാറ്റാൻ സമരസമിതി തയ്യാറായില്ല. അറസ്റ്റുചെയ്ത് വിട്ടയച്ചവരുമായി നാട്ടുകാർ തുടർന്ന് മാവൂർ അങ്ങാടിയിൽ പ്രകടനം നടത്തി. അടുത്തദിവസം സമരം കൂടുതൽ ശക്തമായി തുടരുമെന്ന് നേതാക്കൾ അറിയിച്ചു.





