Kozhikode

സെർവർ പണിമുടക്കി; മൂന്നുദിവസം റേഷൻ മുടങ്ങി

Please complete the required fields.




കോഴിക്കോട് : സെർവർ തകരാർ കാരണം മൂന്നുദിവസമായി റേഷൻവിതരണം തടസ്സപ്പെട്ടു. വ്യാപകമായ പരാതി ഉയർന്നതിനെത്തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പ്രശ്നം പരിഹരിച്ചു. ഇതിനുശേഷമാണ് തടസ്സമില്ലാതെ ആളുകൾക്ക് റേഷൻ നൽകാനായത്.

കഴിഞ്ഞ മൂന്നുദിവസങ്ങളിൽ രാവിലെ എട്ടിന് റേഷൻകടകൾ തുറന്നശേഷം ഏറ്റവും കൂടുതലാളുകൾ വാങ്ങാനെത്തുന്ന ഒമ്പതുമുതൽ 11.45 വരെ സെർവർ പ്രവർത്തനരഹിതമാകുകയായിരുന്നു. ഉപഭോക്താക്കൾ ഇ-പോസ് സ്കാനറിൽ കൈവിരൽ പതിക്കുമ്പോൾ ഒരു മിനിറ്റോളം നിശ്ചലമായശേഷം ഒ.ടി.പി.യിലേക്കുപോകുന്ന സ്ഥിതിയായിരുന്നു. രജിസ്റ്റർചെയ്ത സിം കാർഡ് ഉപേക്ഷിച്ചവരും മൊബൈൽഫോൺ കൈവശമില്ലാത്തവരും ഇതുകാരണം വട്ടംചുറ്റി. ഇങ്ങനെ കുറേപ്പേർക്ക് റേഷൻ വാങ്ങാനാവാതെ മടങ്ങിപ്പോവേണ്ടിവന്നു.

വൈകീട്ട് നാലുമുതൽ 4.30 വരെ സെർവർ ശരിയായെങ്കിലും രാവിലെ റേഷൻ ലഭിക്കാതെ മടങ്ങിപ്പോയവരും വൈകുന്നേരങ്ങളിൽ സാധാരണയായി വരുന്നവരും എത്തിയതോടെ സെർവർ വീണ്ടും പ്രവർത്തനരഹിതമായി.മൂന്നുദിവസങ്ങളിൽ തടസ്സങ്ങളുണ്ടായെങ്കിലും ഇടയ്ക്ക് വിതരണം നടന്നിരുന്നു. എന്നാൽ, വ്യാഴാഴ്ച സെർവർ പൂർണമായും പണിമുടക്കി. ഒ.ടി.പി.യും വന്നില്ല.

ആധാർ സെർവറുമായി ബന്ധിപ്പിച്ച രീതിയിലാണ് സിസ്റ്റം പ്രവർത്തിക്കുന്നതെന്നും കൈവെക്കുമ്പോൾ ആധാർ ഡേറ്റാബേസുമായി ഒത്തുനോക്കിയാണ് ഉപഭോക്താവിനെ തിരിച്ചറിയുന്നതെന്നും സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു. ഈ ഒത്തുനോക്കൽ നടക്കുമ്പോൾ ഹൈദരാബാദിലുള്ള സെർവറിന്റെ തകരാർ കാരണമാണ് റേഷൻവിതരണത്തിൽ തടസ്സങ്ങളുണ്ടായത്. സിവിൽ സപ്ലൈസ്, ഐ.ടി. മിഷൻ അധികൃതർ യോഗംചേർന്ന് വ്യാഴാഴ്ച ഉച്ചയോടെ പ്രശ്നം പരിഹരിച്ചെന്നും അവർ വ്യക്തമാക്കി.

മുമ്പ് ഇത്തരത്തിൽ റേഷൻവിതരണം തടസ്സപ്പെട്ടപ്പോൾ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ ഹൈദരാബാദ് സന്ദർശിച്ചിരുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു. റേഷൻവിതരണം കാര്യക്ഷമമാക്കാനായി അവിടെ ഹെൽപ് ഡെസ്ക് സ്ഥാപിക്കുമെന്നും നെറ്റ്‌വർക്ക് പ്രശ്നം ഉള്ളയിടത്ത് ഫോർജി സിം കാർഡ് നൽകുമെന്നുമൊക്കെ അന്ന് തീരുമാനമെടുത്തിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ലെന്ന് റേഷൻവ്യാപാരികൾ ആരോപിച്ചു

Related Articles

Leave a Reply

Back to top button