
കോഴിക്കോട്: ഉള്ള്യേരി ആനവാതില്‍ വി കെയര്‍ പോളി ക്ലിനിക്കില്‍ പൂട്ട് കുത്തിപൊളിച്ച് മോഷണം നടത്തിയ പ്രതികള്‍ അത്തോളി പോലീസിൻറെ പിടിയില്‍. മലപ്പുറം ചെട്ടിപടി പടിഞ്ഞാറെ കുളപ്പരയ്ക്കല്‍ വീട്ടില്‍ എം കിഷോര്‍(23), തേഞ്ഞിപ്പാലം ചേളാരി അബ്ദുല്‍ മാലിക്ക്(20) എന്നിവരെയാണ് അത്തോളി സി.ഐ ജിതേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ആര്‍ രാജീവ്, എസ്.ഐ മുഹമ്മദാലി, എസ്.സി.പി.ഒമാരായ കെ.എം അനീസ്, കെ ഷിനില്‍, പി.ടി രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ബൈക്കിലെത്തി ക്ലിനിക്കില്‍ മോഷണം നടത്തിയത്. 24 മണിക്കൂറിനുള്ളില്‍ പ്രതികള്‍ മലപ്പുറത്ത് വെച്ച് പോലീസ് പിടിയിലായി. ഉള്ളിയരിയിലെ സിമൻറ് കട കുത്തിത്തുറന്നതും ബാലുശ്ശേരിയിലെ പെട്രോൾ പമ്പ് കവർച്ച നടത്തിയതും അടക്കം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒന്നാം പ്രതിക്ക് ഇരുപതോളം കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.





