
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നാണ് നിർദ്ദേശം.
കൺട്രോൾ റൂം
റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നമ്പറുകൾ ചുവടെ
- 8606883111
- 9562103902
- 9447108954
- 9400006700
ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്.
തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാവിലെ പത്ത് മണിക്ക് പുറപ്പെടുവിച്ച മഴ അലർട്ടിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.
തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന ഭാഗങ്ങളിൽപലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിലെ ജലനിരപ്പ് അധികൃതർ പരിശോധിച്ചു വരികയാണ്.
ഇടുക്കി പുല്ലുപാറയ്ക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേ തുടർന്ന് കൊട്ടാരക്കര – ദിന്ധുക്കൾ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തെന്മല ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. കളക്ടറേറ്റിൽ മഴ സാഹചര്യം വിലയിരുത്താൻ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ കളക്ടറും ജില്ലയിലെ മറ്റു എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. പൂഞ്ഞാർ, പാല മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന ഇടങ്ങളിലെ റോഡുകളിൽ വെള്ളം കയറി. മീനച്ചിലാറിൽ വെള്ളപ്പാച്ചിലണ്ടായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുകയാണ്.





