
മലപ്പുറം: ലഹരി ഉപയോഗിച്ച് നടു റോഡിൽ പരാക്രമം കാണിച്ച് യുവാവ്. കഴിഞ്ഞ ദിവസം മലപ്പുറം പുലാമന്തോൾ ടൗണിലാണ്സംഭവം . ഒരു മണിക്കൂറോളം ജനങ്ങളെ മുൾമുനയിൽ നിർത്തി യുവാവ് പരാക്രമം കാണിച്ചു . മേലെ പട്ടാമ്പി സ്വദേശി നൗഫലാണ് പരാക്രമം കാണിച്ചത്. ഇയാൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. യുവാവിന്റെ പരാക്രമം കണ്ട ആളുകൾക്ക് ആദ്യം കാര്യം മനസ്സിലായിരുന്നില്ല.
എന്നാൽ നൗഫൽ ലഹരി തലക്ക് പിടിച്ചു എന്തും ചെയ്യാമെന്ന അവസ്ഥയിലായിരുന്നു. ആദ്യം ഇയാൾ ബേക്കറിയിൽ ഷവർമ വാങ്ങാനായി കേറുകയും ഇവിടുത്തെ പ്ളേറ്റ് തല്ലി പൊട്ടിച്ചുകൊണ്ടാണ് പരാക്രമം തുടങ്ങിയത്. പുലാമന്തോൾ നഗരത്തെ ഒരു മണിക്കൂറോളം ഇയാൾ മുൾമുനയിൽ നിർത്തുകയായിരുന്നു. റോഡിലൂടെ പായുന്ന വാഹനത്തിൽ നൗഫൽ ഓടിക്കയറാനും തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു ഇയാൾ .
കാഴ്ച്ചക്കാർ കൂടുന്തോറും ഇയാളുടെ പരാക്രമവും വർധിച്ചു. ഏറെ പണിപ്പെട്ട് കൈ കാലുകൾ ബന്ധിച്ചാണ് നാട്ടുകാർ ചേർന്ന് ഇയാളെ കീഴ്പെടുത്തിയത്. വിവരമറിഞ്ഞു പെരിന്തൽമണ്ണയിൽ നിന്നെത്തിയ പൊലീസ് യുവാവിനെ വാഹനത്തിൽ കയറ്റാൻ പാട് പെട്ടു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊതു സ്ഥലത്ത് ബഹളം വെച്ചതിന് നൗഫലിനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു.





