കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗില്‍ നിന്ന് സ്വര്‍ണവും പണവും നഷ്ടപ്പെടുന്നതായി പരാതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗില്‍ നിന്ന് സ്വര്‍ണവും പണവും നഷ്ടപ്പെടുന്നതായി പരാതി. ഹജ്ജ് തീര്‍ത്ഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 29 ന് കരിപ്പൂര്‍ വഴി ഉംറ തീര്‍ത്ഥാടനത്തിന് പോയ അബൂബക്കര്‍ ജിദ്ദ വിമാനത്താവളത്തിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് വിലപ്പെട്ടതെല്ലാം നഷ്ടമായതറിഞ്ഞത്. ബാഗിന്റെ സിബ്ബ് അടര്‍ത്തി മാറ്റി രണ്ടരലക്ഷത്തോളം രൂപയും ഖത്തര്‍ ഐഡി കാര്‍ഡും ഡ്രൈവിംങ് ലൈസന്‍സുമടക്കം മോഷ്ടിക്കപ്പെട്ടു. ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് താഴെ കമന്റുമായി സമാന അനുഭവസ്ഥരുമെത്തിയത്.
നസീഹയ്ക്ക് പഴ്സില്‍ സൂക്ഷിച്ച പതിനായിരം രൂപയും രണ്ടുപവന്‍ സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരത്തെയും സമാന പരാതികള്‍ ലഭിച്ചെന്ന് പൊലീസ് പറയുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷണം സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല.





