
വേങ്ങര: വരാന്തയിലേക്ക് ലോറി മറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിരൂരങ്ങാടി- അരീക്കോട് സംസ്ഥാനപാതയിൽ കക്കാടംപുറത്ത് ഊക്കത്ത് പള്ളിക്ക് എതിർവശത്ത് കെ.പി. ബാവയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്.
കുന്നുംപുറം ഭാഗത്ത് നിന്ന് പുലർച്ചെ അഞ്ചോടെ എം. സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മഴയിൽ തെന്നിയതാവും അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. വയലിൽ നിന്ന് പത്തടിയിലധികം ഉയർത്തിയുണ്ടാക്കിയ ഈ റോഡിൽ അപകടങ്ങൾ പതിവാണ്.
ദിവസങ്ങൾക്ക് മുമ്പ് ഇതേ വീട്ടിലേക്ക് റോഡിൽ നിന്ന് ബൈക്ക് മറിഞ്ഞിരുന്നു. സമീപത്തെ പള്ളിയുടെ മുന്നിൽ ഒരു വാനും താഴ്ചയിലേക്ക് മറിഞ്ഞു. വളവും ഇറക്കവുമുള്ള ഇവിടെ റോഡിന് പാർശ്വഭിത്തി നിർമ്മിക്കാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം. വശങ്ങളിൽ സുരക്ഷക്കായി മെറ്റൽ വേലി സ്ഥാപിക്കണമെന്നും റോഡിൽ ഡിവൈഡർ നിർമിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.





