
ഐപിഎല്ലിലെ എല്‍ ക്ലാസികോ എന്ന് വിളിക്കപ്പെടുന്ന ചെന്നൈ – മുംബൈ പോരാട്ടത്തില്‍ മുംബൈയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന വിധം, തകര്‍ത്തുകളിച്ച ചെന്നൈ ബൗളര്‍മാര്‍ രോഹിതിന്റെ മുംബൈയെ 157 റണ്‍സിന് ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു സിഎസ്‌കെ.
കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഈ മത്സരത്തിലും തിളങ്ങിയ ഗെയ്ക്‌വാദ് 36 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ 27 പന്തില്‍ 61 റണ്‍സ് നേടി രഹാനെ. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ചെന്നൈക്ക് വിജയം ഉറപ്പിക്കുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി നേരത്തെ ജഡേജ 3 വിക്കറ്റും നേടി.
മുംബൈക്ക് വേണ്ടി ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍ കിഷനും രോഹിതും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ അത് പോരായിരുന്നു. മുംബൈ നിരയില്‍ 31 റണ്‍സ് നേടിയ ടിം ഡേവിഡും 32 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് കൂടുതല്‍ തിളങ്ങിയത്.





