
വടകര : വടകര നഗരത്തിലെ മൊബൈൽ കടയിലും മുക്കാളിയിലെ അടച്ചിട്ട വീട്ടിലും ഉൾപ്പെടെ മേഖലയിൽ നിരവധി കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ.
കോട്ടക്കൽ ഖദീജ മൻസിലിൽ തത്ത ഫിറോസ് (39) നെയാണ് ചോമ്പാല സി.ഐ. ശിവൻ ചോടോത്ത് അറസ്റ്റുചെയ്തത്. മുക്കാളിയിൽ വീട്ടിലും വടകരയിലും പയ്യോളിയിലും കടകളിലുമാണ് മോഷണം നടത്തിയത്.
വടകര ലിങ്ക് റോഡിലെ സിറ്റിടവറിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ മൊബൈൽഷോപ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. കടയിൽ റിപ്പയറിങ്ങിനായി കൊണ്ടുവന്ന 46 മൊബൈലുകളാണ് മോഷണംപോയത്.
മുക്കാളി ദേശീയപാതയോടുചേർന്ന ശ്രീഹരിയിൽ ഹരീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇതിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അലമാരയിൽ സൂക്ഷിച്ച അഞ്ചുപവൻ സ്വർണാഭരണവും 45,000 രൂപയുമാണ് കളവുപോയത്. ഹരീന്ദ്രനും കുടുംബവും വീട് പൂട്ടി ബെംഗളൂരുവിലെ മകളുടെ വീട്ടിൽപ്പോയതായിരുന്നു.





