Sports

വനിതാ പ്രീമിയർ ലീഗ്; കലാശപ്പോരിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

Please complete the required fields.




വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്. കലാശപ്പോരിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ലീഗ് മത്സരം അവസാനിച്ചപ്പോൾ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹി നേരിട്ട് ഫൈനലിലെത്തിയപ്പോൾ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ മൂന്നാം സ്ഥാനക്കാരായ യുപി വാരിയേഴ്സിനെ എലിമിനേറ്ററിൽ 72 റൺസിന് കീഴടക്കിയാണ് ഫൈനൽ പ്രവേശനം നേടിയത്.

ഫൈനൽ ഇലവനിൽ ഏറ്റവും കുറച്ച് അൺകാപ്പ്ഡ് ഇന്ത്യൻ താരങ്ങളെ ഉപയോഗിച്ച രണ്ട് ടീമുകളാണ് കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. ഇത് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൻ്റെ ബാലാരിഷ്ടതയാണ് കുറിയ്ക്കുന്നത്. മുംബൈ ഇന്ത്യൻസ് സായ്ക ഇഷാഖ്, ജിൻ്റിമണി കാലിറ്റ, ഹുമൈറ കാസി എന്നിവരെ പേരിനെങ്കിലും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഡൽഹി ക്യാപിറ്റൽസ് മലയാളി താരം മിന്നു മണിക്ക് രണ്ട് മത്സരങ്ങളിൽ അവസരം നൽകിയതൊഴിച്ചാൽ ജാസിയ അക്തർ, തിതാസ് സാധു എന്നിവരെയൊക്കെ തഴഞ്ഞു.

ഒരു ടീം എന്ന നിലയിൽ ഡൽഹി ക്യാപിറ്റൽസ് തന്നെയാണ് കരുത്തർ. 11 പേരും രാജ്യാന്തര താരങ്ങളാണെന്നതും ടോപ്പ് ഓർഡറിൽ തന്നെ ഷഫാലി വർമ, ആലിസ് കാപ്സി എന്നിങ്ങനെ രണ്ട് കൂറ്റനടിക്കാൻ ഉണ്ട് എന്നതും ഡൽഹിയുടെ നേട്ടമാണ്. രാജ്യത്തെ ഏറ്റവും മികച്ച പേസർ എന്ന് നിസ്സംശയം പറയാവുന്ന ശിഖ പാണ്ഡെയ്ക്കൊപ്പം മരിസേൻ കാപ്പ്, ജെസ് ജൊനാസൻ, രാധ യാദവ് തുടങ്ങി നീളുന്ന ബൗളിംഗ് ഓപ്ഷനുകളും മികച്ചതാണ്.

മറുവശത്ത് രാജ്യാന്തര ഓൾറൗണ്ടർമാരാണ് മുംബൈയുടെ കരുത്ത്. ആദ്യ ഏഴ് സ്ഥാനങ്ങളിലാണ് മുംബൈയ്ക്കായി രാജ്യാന്തര താരങ്ങൾ കളിക്കുന്നത്. ഇതിൽ വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയ ഒഴികെ ബാക്കിയെല്ലാവരും ഓൾറൗണ്ടർമാർ. അതിൽ തന്നെ ഹർമൻ ടൂർണമെൻ്റിൽ പന്തെറിഞ്ഞിട്ടേയില്ല. പിന്നെയുള്ള നാല് ഇന്ത്യൻ പേരുകളിൽ സായ്കയും ജിൻ്റിയുമൊഴികെ മറ്റ് രണ്ട് പേരും ഓൾറൗണ്ടർമാരാണ്. 11 പേരിൽ 8 ഓൾറൗണ്ടർമാർ. അതിൽ ആറ് പേർ രാജ്യാന്തര താരങ്ങൾ. അതുകൊണ്ടാണ് ദുർബലമായ ഇന്ത്യൻ അൺകാപ്പ്ഡ് താരങ്ങളെ (അമൻജോത് കൗർ ഇന്ത്യക്കായി രണ്ട് മത്സരങ്ങൾ കളിച്ചു) മുംബൈ മറച്ചുപിടിക്കുന്നത്. ഡൽഹിക്കെതിരെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മുംബൈയുടെ ടോപ്പ്, മിഡിൽ ഓർഡർ തകർന്നപ്പോൾ ഈ ദൗർബല്യം കൃത്യമായി തെളിഞ്ഞുകണ്ടു.

Related Articles

Leave a Reply

Back to top button