പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു

പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ലാഗ് ഓഫ് ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണം നടക്കുന്ന റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നീ സ്ഥലങ്ങളിൽ എത്തി തൽസമയം ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനമാണ് ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബ്. മൂന്ന് ബസുകളിലായി അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ലാബ് തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കേന്ദ്രമായി പ്രവർത്തിക്കും.
ബിറ്റുമിൻ, സിമന്റ്, മണൽ, മെറ്റൽ തുടങ്ങി നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാനും കരാറുകാർ കൊണ്ടുവരുന്ന സാമ്പിളുകൾ പരിശോധിക്കാനും തൽസമയം മൊബൈൽ ലാബ് വഴി സാധിക്കും. ഇത്തരത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്തി സർക്കാർ പദ്ധതികൾക്കായി ചെലവഴിക്കുന്ന തുക പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ലക്‌ഷ്യം. സർക്കാർ പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ മൊബൈൽ ലാബിന്റെ വരവോടെ പൊതുമരാമത്ത് വകുപ്പിന് കഴിയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.




