
വരുന്ന സീസണിലെ ഐപിഎലിനു മുന്നോടിയായുള്ള ക്യാമ്പിനായി എംഎസ് ധോണി ചെന്നൈയിലെത്തി. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിക്ക് ഊഷ്മള സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. വിമാനത്താവളത്തിനു പുറത്ത് ചെണ്ട കൊട്ടിയും പുഷ്പവർഷം നടത്തിയുമാണ് ധോണിയെ ആരാധകർ സ്വീകരിച്ചത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (ms dhoni arrived ipl)
ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള ഐപിഎൽ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ധോണി നാളെ ടീമിനൊപ്പം ചേരും. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ടീമിൻ്റെ തയാറെടുപ്പുകൾ നടക്കുന്നത്. മാർച്ച് 31ന് ഐപിഎൽ ആരംഭിക്കും. തൻ്റെ 16ആം സീസണാണ് ധോണി കളിക്കുക. 13 തവണ ചെന്നൈയെ നയിച്ച ധോണി 2016ൽ റേസിങ്ങ് പൂനെ സൂപ്പർ ജയൻ്റ്സിൻ്റെ നായകനായും 2017ൽ ടീമിലെ താരമായും കളിച്ചു.
കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സിന് വളരെ മോശം സീസണായിരുന്നു. ആകെ 14 മത്സരങ്ങളിൽ നാല് മത്സരങ്ങൾ മാത്രം വിജയിച്ച ചെന്നൈ പോയിൻ്റ് പട്ടികയിൽ 9ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസൺ ആരംഭത്തിൽ രവീന്ദ്ര ജഡേജയാണ് ടീമിനെ നയിച്ചത്. 8 മത്സരങ്ങളിൽ വെറും രണ്ടെണ്ണത്തിൽ മാത്രം വിജയിച്ചതോടെ വീണ്ടും ധോണി ക്യാപ്റ്റനാവുകയായിരുന്നു. ഇതിനു പിന്നാലെ ജഡേജയും ചെന്നൈയും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോർട്ടുകളുയർന്നു. ടീമുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം സ്റ്റോറികളും ജഡേജ നീക്കം ചെയ്തു. ഈ സീസണിൽ താരം ക്ലബ് വിടുമെന്ന സൂചനകൾ ശക്തമായിരുന്നു എങ്കിലും ജഡേജ ചെന്നൈയിൽ തന്നെ തുടരുകയാണ്.





