താക്കോലിനുള്ളിൽ ഒളിപ്പിച്ച് കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമം; 16.31 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കരിപ്പൂർ : സ്വർണം താക്കോലിനുള്ളിൽ ഒളിപ്പിച്ച് കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമം. രണ്ട് യാത്രക്കാരിൽ നിന്നായി 16.31 ലക്ഷത്തിന്‍റെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്.
മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി ചക്കിപ്പാറ സൈതലവിയിൽ നിന്നാണ് താക്കോലിനുള്ളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. ഇയാൾ ഷാർജയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
ബാഗേജിലുണ്ടായിരുന്ന രണ്ട് താക്കോലുകൾ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോൾ സ്വർണനിർമിതമാണെന്ന് കണ്ടെത്തി. സ്വർണപണിക്കാരന്‍റെ സഹായത്തോടെ 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വർണം ഇതിൽനിന്ന് വേർതിരിച്ചെടുത്തു.
കോഴിക്കോട് പുതുപ്പാടി സ്വദേശി പള്ളിക്കുന്ന് സബീറലിയിൽ (40) നിന്ന് 14.36 ലക്ഷത്തിന്‍റെ സ്വർണവും പിടികൂടി. ഇയാൾ അബൂദബിയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. 258 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്.





