
കോഴിക്കോട്: യു.ജി.സി നെറ്റ് പരീക്ഷയ്‌ക്കൊപ്പം ബി.എഡ് പരീക്ഷയും ഒരേ ദിവസവം നടത്താനുള്ള കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനത്തിൽ വെട്ടിലായി വിദ്യാർഥികൾ. നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തെ തന്നെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രൊഫസർ, ജെ.ആർ.എഫ് എന്നിവക്കായുള്ള യു.ജി.സി നെറ്റ് പരീക്ഷ (സെക്കന്റ് ഫേസ്)2023 ഫെബ്രുവരി 28ന് ചൊവ്വാഴ്ച മുതൽ മാർച്ച് 2ന് വ്യാഴം വരെയാണ് നടക്കുന്നത്.
ഇതേ തീയതികളിലാണ് സർവകലാശാലയുടെ മാറ്റി വെച്ച ബി.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷയും നടക്കുന്നത്.നെറ്റ് പരീക്ഷയുടെ ഒന്നാം ഘട്ടം വന്നപ്പോൾ ഫെബ്രുവരി 20 മുതൽ 24 വരെയുള്ള ബി.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷയാണ് വിദ്യാർത്ഥികളുടെ പരാതി കാരണം മാറ്റി വെച്ചിരുന്നത്.
27ന് തിങ്കളാഴ്ച മുതൽ മാർച്ച് 3 ന് വെള്ളിയാഴ്ച്ച വരെയാണ് ഈ പരീക്ഷയുടെ ടൈംടേബിളും തയാറാക്കിയിരിക്കുന്നത്. നെറ്റ് പരീക്ഷയും ബി.എഡ് പരീക്ഷയും ഒരുമിച്ച് വന്ന സാഹചര്യത്തിൽ തീയതി മാറ്റണമെന്ന ആവശ്യവുമായി വിദ്യാർഥികൾ പരീക്ഷ കൺട്രോളറെ സമീപിച്ചിരുന്നു.
പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ നേരിട്ടും ഇമെയിൽ വഴിയും പരാതികൾ നൽകിയിട്ടും നിഷേധ നിലപാടാണ് കൺട്രോളർ സ്വീകരിച്ചതെന്നും വിദ്യാർഥികൾ ആരോപിച്ചു. പരീക്ഷ മാറ്റാൻ സാധിക്കില്ലെന്ന നിലപാടിലാണ് കൺട്രോളറും നിലകൊള്ളുന്നത്.
നെറ്റ് പരീക്ഷയുള്ള ദിവസങ്ങളിലെ സർവകലാശാല പരീക്ഷ എഴുതാതെ സപ്ലിമെന്ററി എഴുതാനാണ് നിർദേശം നൽകിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. മാർച്ച് 10 വരെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നത്.





