Kozhikode

വാചകമടിച്ച് ജനങ്ങളെ പകൽക്കൊള്ള നടത്തുന്ന കേരള ബജറ്റ്; കെ.കെ.രമ എം.എൽ.എ

Please complete the required fields.




കോഴിക്കോട് : സർക്കാരിന്റെ കഴിവുകേടുകൾ മറച്ചുവെക്കാൻ പൊതുജനത്തെ പകൽകൊള്ള നടത്തുന്ന ബജറ്റാണ് സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കെ.കെ രമ എംഎൽ.എ.

കേരളം അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി നിൽക്കുമ്പോഴും സർക്കാർ സംവിധാനങ്ങൾ പലവിധ ധൂർത്ത് നടത്തുകയാണ്. ഈ നഷ്ടങ്ങൾ നികത്താൻ സാധാരണക്കാരനുമേലെ ഇരട്ടി നികുതി അടിച്ചേൽപ്പിക്കുകയാണ് പുതിയ ബജറ്റിലൂടെ ചെയുന്നത്.

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ സെസ് ഏർപ്പെടുത്തുമ്പോൾ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനത്തെ വറചട്ടിയിൽനിന്നും എരിതീയിലേക്ക് എറിയുകയാണ്.

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഇക്കാലമത്രയും ഒരു പൈസപോലും കൂട്ടാത്ത സർക്കാരാണ് സാമൂഹ്യ സുരക്ഷയ്ക്കായി ജനങ്ങളെ കൊള്ളയടിക്കാൻ സെസ് ഏർപ്പെടുത്തിയിരിക്കുന്നതെന്നത് വിരോധാഭാസമാണ്.

ഭൂമിയുടെ ന്യായവില 20ശതമാനം കൂട്ടിയതുകാരണം രജിസ്‌ട്രേഷൻ ചെലവു വർധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിൽ ഒരു വരിപോലും ഇല്ലെന്നതും നിരാശയുണ്ടാക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ രക്ഷയ്ക്കായി ഒരു പദ്ധതിയുമില്ല.

സംസ്ഥാനത്ത് ധനപ്രതിസന്ധി നിലനിൽക്കുമ്പോഴും ധൂർത്ത് തുടർന്ന സർക്കാർ സാമ്പത്തിക മാനേജ്മെൻ്റിലെ പിടിപ്പുകേടുകൾക്ക് ജനത്തെ കുരുതി കൊടുക്കുകയാണ് സത്യത്തിൽ ചെയ്യുന്നത്.

കഴിഞ്ഞ ആറ് വർഷത്തിനിടെ അവതരിപ്പിച്ച ഏറ്റവും മോശവും ജനവിരുദ്ധവുമായ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചതെന്നും കെ.കെ രമ പറഞ്ഞു. ഈ പകൽക്കൊള്ളക്കെതിരെ വലിയ ജനകീയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. അന്യയമായി ഏർപ്പെടുത്തിയ നികുതി വർദ്ധനവുകൾ പിൻവലിക്കും വരെ പോരാട്ടം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button