പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇന്‍സ്റ്റാഗ്രം സുഹൃത്ത് അമ്മയുടെ എടിഎം കാര്‍ഡുമായി കടന്നു; പണംതട്ടി

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാ (19)നെയാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്.
മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയുടെ എ.ടി.എം. കാര്‍ഡാണ് സൗഹൃദം നടിച്ച് വീട്ടിലെത്തിയ ഇയാള്‍ കൈക്കലാക്കിയത്. എ.ടി.എം. കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളിലുണ്ടായിരുന്ന പിന് നമ്പര്‍ ഉപയോഗിച്ച് മൂന്ന് എ.ടി.എം. കൗണ്ടറുകളില്‍ നിന്നായി 45,500 രൂപയാണ് ഇയാള്‍ കവര്‍ന്നത്.
മൂന്ന് ദിവസത്തിന് ശേഷം കാര്‍ഡ് തിരികെ വീട്ടില്‍ കൊണ്ടുവെച്ചു. പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം പിന്‍വലിച്ച എ.ടി.എം. കൗണ്ടറുകളിലെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് അറഫാനാണ് പണം കവര്‍ന്നതെന്ന് മനസ്സിലായത്. തുടര്‍ന്ന് കസബ എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ മറ്റുകേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.





