
കോഴിക്കോട് : വിക്രം മൈതാനിയിലെ പ്രധാന വേദി ഉൾപ്പെടെ സ്ക്കൂൾ പന്തലുകൾ ഒരുങ്ങി. മധുരകലോത്സവത്തിന് ഇനി മൂന്നുനാൾ ബാക്കി. കടത്തനാടൻ കളരിപ്പയറ്റും കുട്ടികളുടെ ശിങ്കാരിമേളവും ഫാൻ നൃത്തവും ചേർന്ന ദൃശ്യവിസ്‌മയങ്ങൾ ഉദ്‌ഘാടന പരിപാടിയുടെ ഭാഗമായി നടക്കും.
വയനാട്ടിൽനിന്നുള്ള വിദ്യാർഥികളുടെ സംഘമാണ് കളരിപ്പയറ്റ് അവതരിപ്പിക്കുക. സംസ്ഥാനത്തെ ആദ്യ സ്‌കൂൾ ശിങ്കാരിമേള സംഘമായ കുറ്റിക്കാട്ടൂർ ഹയർസെക്കൻഡറിയാണ് മേളവുമായി ഉദ്‌ഘാടനവേദിയെ ഉണർത്തുക.
ഏഴ് പെൺകുട്ടികൾ ഉൾപ്പെടെ 24 പേരടങ്ങുന്ന സംഘമാണ് ശിങ്കാരിമേളമൊരുക്കുക. ആറുമുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന സംഘത്തെ നയിക്കുക യദുകൃഷ്‌ണനാണ്. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറിയിലെ സംഘമാണ് ചൈനീസ് മാതൃകയിലുള്ള ഫാൻ നൃത്തം ഒരുക്കുക.
8.30ന് മുഖ്യവേദിയായ വിക്രം മൈതാനത്ത് പതാക ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് കോഴിക്കോടിൻ്റെ സാംസ്ക്കാരിക ഭൂമിക അടയാളപ്പെടുത്തുന്ന ദൃശ്യവിസ്‌മയം.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ചെയർമാനും എൻ വി വികാസ് കൺവീനറുമായ സബ്‌കമ്മറ്റിക്കാണ് നേതൃത്വം. പുതുക്കിയ കലോത്സവ മാന്വൽ പ്രകാരം സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.





