
കോഴിക്കോട്: അധികൃതരും രക്ഷിതാക്കളും ജാഗ്രതൈ. ലഹരി വിമുക്തി കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പെരുകുന്നു. ലഹരി വിമുക്തി കേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ വൻവർദ്ധന. കഴിഞ്ഞ അഞ്ചുവർഷത്തോളമായി ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ എത്തുന്നവരുടെ ഒന്നോ രണ്ടോ ശതമാനം മാത്രമായിരുന്നു മുമ്പ് വിദ്യാർത്ഥികൾ. ഇപ്പോൾ അത് പത്തു ശതമാനത്തിനു മുകളിലായി വർദ്ധിച്ചിട്ടുണ്ട്. നഗരത്തിൽ ബീച്ച് ഹോസ്പിറ്റലിനോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി കേന്ദ്രത്തിൽ ആകെ എത്തിയവരിൽ 10% വിദ്യാർത്ഥികളാണ്. രക്ഷിതാക്കളാണ് ഇവരെ ഇവിടെ എത്തിച്ചത്. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം ചെറുക്കാൻ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കേണ്ടതിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്.
സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് വ്യാപകമായ ലഹരി വിതരണം ചെയ്യപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നാലുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച വിമുക്തി കേന്ദ്രത്തിൽ പതിനായിരത്തോളം പേരാണ് എത്തിയത്. എക്സൈസ് ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ 2018 സെപ്റ്റംബറിലാണ് വിമുക്തി കേന്ദ്രം ആരംഭിച്ചത്. ലഹരിക്കടിമപ്പെട്ട് ചികിത്സക്കെത്തുന്നവരെ കൗൺസിലിങ്ങിലൂടെയും, പരിഗണനയിലൂടെയും, തിരിച്ചു ജീവിതത്തിലേക്ക് എത്തിക്കലാണ് വിമുക്തിയുടെ ലക്ഷ്യം.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ പതിനായിരത്തോളം പേർക്ക് ഒ.പി സേവനം നൽകുകയുണ്ടായി. 500 പേർക്ക് കിടത്തി ചികിത്സയും നൽകി. ചികിത്സ തേടിയവരിൽ 75% വും ലഹരിയിൽ നിന്ന് മോചനം നേടിയിട്ടുണ്ട്. ചികിത്സ നേടിയവരിൽ 3% സ്ത്രീകളുമുണ്ട് എന്നുള്ളതും ഇതിന്റെ ഗൗരവം ഗഹനമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും നാല് കിടക്കകളുമായി പ്രത്യേക വാർഡ് ആരംഭിച്ചിട്ടുണ്ട്. ഞായർ ഒഴികെ രാവിലെ 9 മുതൽ പകൽ രണ്ടു വരെയാണ് വിമുക്തി കേന്ദ്രത്തിലെ ഒ. പി. ഇവിടെ നേരിട്ടെത്തി ആർക്കും ചികിത്സ തേടാം. സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങി 11 ജീവനക്കാരുടെ സേവനമാണ് വിമുക്തിയിൽ ലഭിക്കുന്നത്. മരുന്നും ചികിത്സയും സൗജന്യമാണ്.





