
കോഴിക്കോട്: സഹപ്രവർത്തകയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. കടമേരി ആർ.എ.സി. ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ വി.പി. കുഞ്ഞിമൂസ(51)യെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുവർഷത്തോളമായി ഇയാൾ സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങളും ഭീഷണിസന്ദേശങ്ങളും അയക്കുന്നതായി സഹപ്രവർത്തക നൽകിയ പരാതിയിലാണ് നടപടി.
സ്റ്റേഷനിൽവെച്ച് ഇയാൾ ചുമരിൽ തലയിടിച്ചു സ്വയം മുറിവേൽപ്പിച്ചതായി പോലീസ് പറഞ്ഞു. നേരത്തേ സ്ഥാപനത്തിനെതിരേയും സഹപ്രവർത്തകർക്കെതിരേയും സാമൂഹികമാധ്യമങ്ങൾവഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് മാനേജ്മെന്റ് ഇയാൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.





