Kannur

യുവാവിന്റെ ചവിട്ടേറ്റ ആറു വയസുകാരനെ മറ്റൊരാളും ഉപദ്രവിച്ചു

Please complete the required fields.




കണ്ണൂര്‍ : തലശ്ശേരിയിൽ ആറു വയസുകാരനെ ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മറ്റൊരാളും ഉപദ്രവിച്ചതായി സിസിടിവി ദൃശ്യങ്ങൾ. കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോഴാണ് സംഭവമുണ്ടായത്. വഴിപോക്കനായ ഒരാൾ വന്ന് കാറിലേക്ക് നോക്കി നിൽക്കുകയായിരുന്ന കുട്ടിയുടെ തലക്കടിക്കുകയായിരുന്നു. കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഇതിന് മുമ്പാണ് വഴിപോക്കനായ മറ്റൊരാളും കുട്ടിയെ അടിക്കുന്നത്. ഇന്നലെ പൊലീസ് എഫ്ഐആറിൽ, കുട്ടിയുടെ തലയിൽ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ചവിട്ടേൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും ഉപദ്രവിക്കുന്നതായി പുറത്ത് വന്നത്.

എന്നാൽ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന വിമ‍ര്‍ശനത്തിൽ പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഇതിൽ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിൻ രാജ് അന്വേഷിക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും. അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിനാല് ദിവസത്തേക്ക് റിമാൻറ് ചെയ്തിരുന്നു. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയായിരുന്നു . കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Back to top button