കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു

കോഴിക്കോട് : ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. മലാപ്പറമ്പ് റീജനൽ ഫാമിലി വെൽഫെയർ സ്റ്റോറിന്റെ പുതിയ കെട്ടിടം, ഉള്ളിയേരി സിഎച്ച്‌സിയിൽ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റർ, ഓർക്കാട്ടേരി സിഎച്ച്സിയിലെ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റർ, കുടുംബാരോഗ്യ കേന്ദ്രങ്ങളായ മങ്ങാട്, വയലട എന്നിവയുടെയും നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളായ കണ്ണഞ്ചേരി, പൊന്നംകോട്, ഫറോക്ക് എന്നിവയുടെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ടും മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായും വിവിധ പരിപാടികളിൽ പങ്കെടുത്തു. കോഴിക്കോട് റീജനിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള പ്രതിരോധ വാക്സിൻ സംഭരിക്കുന്നതിന് ആധുനിക കേന്ദ്രം സജ്ജമാക്കുന്നതിന് 3.60 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കുണ്ടൂപ്പറമ്പ് നഗര കുടുംബാരോഗ്യകേന്ദ്രം എൻഎച്ച്എം 7 ലക്ഷം രൂപയും കോർപറേഷൻ 7 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരിച്ചത്.
ഇതോടൊപ്പം 3 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങളും എൻഎച്ച്എം മുഖേന ലഭ്യമാക്കി. കണ്ണഞ്ചേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 7 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ എൻഎച്ച്എം മുഖേന നടപ്പാക്കി. 3 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങളും ലഭ്യമാക്കി. പൊന്നംകോട് നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 7 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിനൊപ്പം 3 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങളും എൻഎച്ച്എം മുഖേന ലഭ്യമാക്കി. ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.കെ.രമ എംഎൽഎ അധ്യക്ഷത വഹിച്ചു.
കുണ്ടൂപ്പറമ്പ് നഗര പ്രാഥമികാരോഗ്യ കേന്ദ്രം പരിപാടിയിൽ കൗൺസിലർ കെ.റീജ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വരുൺ ഭാസ്‌കർ, ടി.മുരളീധരൻ, പണ്ടാരത്തിൽ പ്രസീന, എം.എസ്.തുഷാര, മെഡിക്കൽ ഓഫിസർ ഡോ. അപർണ രവി എന്നിവർ പ്രസംഗിച്ചു. മങ്ങാട് നടന്ന ചടങ്ങിൽ കെ.എം.സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മുലപ്പാൽ ബാങ്ക് തുടങ്ങി
സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകളിൽ ആദ്യമായി മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മുലപ്പാൽ ബാങ്ക് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്, എം.കെ.രാഘവൻ എംപി, കൗൺസിലർ കെ.മോഹനൻ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ യു ഖേൽക്കർ, കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, ജോയിന്റ് ഡിഎംഇ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ.രാജേന്ദ്രൻ, ചൈൽഡ് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫിസർ ഡോ. എം.ശ്രീഹരി, എൻഎച്ച്എം ഡിപിഎം ഡോ. എ.നവീൻ, ആർസിഎച്ച് ഓഫിസർ ഡോ. കെ.മോഹൻദാസ്, മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി.ശ്രീകുമാർ, ശിശുരോഗ വിഭാഗം മേധാവി ഡോ. വി.ടി.അജിത് കുമാർ, നവജാത ശിശുരോഗ വിഭാഗം മേധാവി ഡോ. ടി.പി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.





