Kozhikode

‘ഓപ്പറേഷൻ ജാവ’ മോഡൽ നീക്കം; അക്കൗണ്ടിൽനിന്നു പോയ പണം തിരിച്ചുപിടിച്ച് സൈബർ പൊലീസ്

Please complete the required fields.




കോഴിക്കോട്: റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈൻ വഴി തട്ടിയെടുത്ത പണം ഉടൻ തിരിച്ചുപിടിച്ച് കോഴിക്കോട് സൈബർ പൊലീസ്. അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടതായി അറിഞ്ഞ ഉടൻ പരാതി നൽകിയതാണ് ‘ഓപ്പറേഷൻ ജാവ’ മോഡൽ നീക്കത്തിനു സൈബർ പൊലീസിനെ സഹായിച്ചത്.  കോട്ടൂളി സ്വദേശിയായ സെയിൽസ് ടാക്സ് മുൻ അസി. കമ്മിഷണർ സി. രാമചന്ദ്രനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്.

കനകാലയ  ബാങ്കിനു സമീപം അദ്ദേഹത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന വീട് വാടകയ്ക്കു കൊടുക്കാനുണ്ടെന്നു വെബ്സൈറ്റിൽ പരസ്യം നൽകിയിരുന്നു. കേന്ദ്ര വ്യവസായ സംരക്ഷണ സേന (സിഐഎസ്എഫ്) ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഓഗസ്റ്റ് 29ന് ഒരാൾ ബന്ധപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിലേക്കു സ്ഥലംമാറ്റമാണെന്നും വീട് വാടകയ്ക്കു വേണമെന്നുമാണു പറഞ്ഞത്. വീടിന്റെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടതായും അറിയിച്ചു.

ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും തിരിച്ചറിയൽ കാർഡിന്റെയും കോപ്പികൾ വാട്സാപ് വഴി രാമചന്ദ്രന് അയയ്ക്കുകയും ചെയ്തു. വീട്‌ വാടകയ്ക്കെടുക്കാനുള്ള പണം പട്ടാളത്തിൽ നിന്ന് അനുവദിച്ചുകിട്ടുമെന്നും, അത് രാമചന്ദ്രന്റെ അക്കൗണ്ടിലേക്ക് നേരിട്ട് വരുമെന്നും അറിയിച്ചു. അതിനു രാമചന്ദ്രന്റെ അക്കൗണ്ട് വിവരങ്ങൾ വേണം. അതിനായി അക്കൗണ്ടിൽ നിന്ന് ചെറിയൊരു തുക ഓൺലൈനായി അയയ്ക്കാൻ ആവശ്യപ്പെട്ടു.

ആ തുക വാടകയുടെ അഡ്വാൻ‌സിനൊപ്പം തിരികെ തരുമെന്നും പറഞ്ഞിരുന്നു. മകന്റെ അക്കൗണ്ടിൽ നിന്നാണ് രാമചന്ദ്രൻ പണം അയച്ചത്. അതോടെ അക്കൗണ്ടിൽനിന്ന് 96,000 രൂപ നഷ്ടമായി. വൈകാതെ രാമചന്ദ്രൻ കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഉത്തരേന്ത്യയിലെ സ്വകാര്യബാങ്കിന്റെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടത്തിയതെന്നു സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കെ.ആർ. ഫെബിന്റെ നേതൃത്വത്തിൽ കണ്ടെത്തി. ഉടൻ പൊലീസ് ആ ബാങ്കുമായി ബന്ധപ്പെട്ടു.

തുടർന്നാണ് 85,000 രൂപ തിരികെ ലഭിച്ചത്. 9,000 രൂപയോളം അതിനിടെ എടിഎം കാർഡുപയോഗിച്ച് പിൻവലിച്ചിരുന്നു. തട്ടിപ്പുകാരൻ അയച്ചു കൊടുത്ത  ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും യഥാർഥ ഉടമ വർഷങ്ങൾക്കു മുൻപ് മരിച്ചുപോയതാണെന്നും കണ്ടെത്തി.  പണം പിൻവലിച്ച എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് കുറ്റവാളിയെ കണ്ടെത്താനാവുമെന്നാണു പ്രതീക്ഷിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

ഓപ്പറേഷൻ  ജാവ

കോഴിക്കോട്∙ ഓൺലൈൻ തട്ടിപ്പുകാരെ സൈബർ പൊലീസ് അന്വേഷിച്ച് പിടികൂടുന്ന കഥയാണ് ‘ഓപ്പറേഷൻ ജാവ’ സിനിമ പറഞ്ഞത്. സിനിമ ഹിറ്റായതോടെ സൈബർ പൊലീസിന്റെ സഹായം തേടിയെത്തുന്ന പരാതിക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. തട്ടിപ്പു നടന്നതായി തിരിച്ചറിഞ്ഞയുടൻ സൈബർ പൊലീസിനെ സമീപിച്ചാൽ‍ കുറ്റവാളിയെ കണ്ടെത്തുന്നത് താരതമ്യേന വേഗത്തിലാക്കാമെന്ന് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

സാധാരണയായി ഓൺലൈൻ തട്ടിപ്പു നടത്തിയാൽ പണം രണ്ടോ മൂന്നോ അക്കൗണ്ടുകളിലൂടെ കൈമറിഞ്ഞുപോവും. അത്രയും ബാങ്കുകളുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ മരവിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാവും. എങ്കിലും  കുറ്റവാളികളെ കണ്ടെത്തി പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button