
കോഴിക്കോട്: ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിലിനെ മുസ്‌ലിം ലീഗ് ഭാരവാഹിത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നാണ് നടപടി സ്വീകരിച്ച വിവരം അറിയിച്ചത്. ലീഗിന്റെയും പോഷക സംഘടനകളുടെയും പദവികളിൽനിന്നും നീക്കിയിട്ടുണ്ട്.
ദുബൈ കെ.എം.സി.സിയിൽ വർഷങ്ങളായി തുടരുന്ന അധികാരത്തർക്കത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസവും ദുബൈയിൽ നടന്ന കെ.എം.സി.സി പരിപാടിയില്‍ ഇബ്രാഹീം എളേറ്റിൽ പങ്കെടുത്തിരുന്നു.
മിഡിലീസ്റ്റ് ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം ഇബ്രാഹീം എളേറ്റിലിനെതിരെ ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇബ്രാഹീം എളേറ്റിലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന കെ.എം.സി.സി യോഗങ്ങൾ പലതവണ കൈയാങ്കളിയിൽ കലാശിച്ചിരുന്നു.





