തെരുവുനായ്ക്കളെ പിടികൂടാൻ ആളില്ല; പല തദ്ദേശ സ്ഥാപനങ്ങളിലും വാക്സിനേഷൻ ഡ്രൈവ് പേരിനു മാത്രം

കോഴിക്കോട്: തെരുവുനായ ശല്യത്തിനു പരിഹാരമായി ജില്ലയിൽ ആരംഭിച്ച വാക്സിനേഷൻ ഡ്രൈവ് പ്രതിസന്ധിയിലേക്ക്. തെരുവുനായ്ക്കളെ പിടിക്കാനുള്ള ആളുകൾ ഇല്ലാത്തതിനാൽ ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും വാക്സിനേഷൻ ഡ്രൈവ് പേരിനു മാത്രമാണു നടക്കുന്നത്. കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് കാര്യമായി നടക്കുന്നത്. കോർപറേഷനിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പ്രോജക്ട് സജീവമായി നടക്കുന്നതിനാൽ അതിലെ നായ പിടിത്തക്കാരെയും സംഘത്തെയും ഉപയോഗിച്ചു വാക്സിനേഷൻ നടപടി നടത്തുന്നതിനാലാണു പ്രതിസന്ധിയില്ലാത്തത്.
എന്നാൽ, ജില്ലയിലെ മറ്റു നഗരസഭകളിലും പഞ്ചായത്തുകളിലും നായപിടിത്തക്കാർ ഇല്ലാത്തതാണു തിരിച്ചടി. ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും കീഴിലുള്ള മൃഗാശുപത്രികൾ മുഖേന തെരുവുനായ്ക്കൾക്കു വാക്സിനേഷൻ നൽകാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ടെങ്കിലും തെരുവിലെ ആക്രമണോത്സുകരായ നായ്ക്കളെ പിടിച്ചു വാക്സിനേഷൻ നടത്താനാകാത്ത അവസ്ഥയിലാണു മിക്ക മൃഗാശുപത്രികളും.
അതതു തദ്ദേശ സ്ഥാപനങ്ങളാണു നായപിടിത്തക്കാരെ നിയമിക്കേണ്ടത്. ഇതിനായി ഭരണസമിതി യോഗം വിളിച്ച് അംഗീകാരം നൽകണം. അപേക്ഷ ക്ഷണിച്ചു നിയമനം നടത്തി ഇവർക്ക് പരിശീലനവും നൽകണം.
കണ്ണൂരിലെയോ ഊട്ടിയിലെയോ പരിശീലന കേന്ദ്രങ്ങളിൽ ഒരാഴ്ച മുതൽ 2 ആഴ്ച വരെ നീളുന്ന പരിശീലനം പൂർത്തിയാക്കിയ ശേഷമേ ഇവർക്കു നായ്ക്കളെ പിടിക്കാനാകൂ. എന്നാൽ ഒക്ടോബർ 20 വരെ പ്രതിരോധ കുത്തിവയ്പ് നൽകാനാണു സർക്കാർ നിർദേശം. പരിശീലനം ലഭിച്ച നായപിടിത്തക്കാർ എത്തുമ്പോഴേക്കു ചുരുങ്ങിയത് 3 ആഴ്ച കഴിയും. തെരുവുനായ ശല്യത്തിനു പരിഹാരം കാണാൻ ആവശ്യമായ നടപടികൾ ചർച്ച ചെയ്യാനായി കോർപറേഷൻ കൗൺസിൽ ഇന്നു പ്രത്യേക യോഗം ചേരും. കോർപറേഷനിലെ എബിസി പ്രോജക്ടിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് വാക്സിനേഷൻ ഡ്രൈവ് വേഗത്തിലാക്കാനാണു കോർപറേഷൻ ശ്രമം.





