Kozhikode

കൂറ്റന്‍ യന്ത്രവുമായെത്തിയ ലോറികള്‍ താമരശ്ശേരി ചുരത്തിലൂടെ തന്നെ കടത്തിവിടേണ്ടി വരുമെന്ന് സൂചന

Please complete the required fields.




താമരശ്ശേരി : കൂറ്റന്‍ യന്ത്രവുമായെത്തിയ ലോറികള്‍ താമരശ്ശേരി ചുരത്തിലൂടെ തന്നെ കടത്തിവിടേണ്ടി വരുമെന്ന് സൂചന. ലോറികള്‍ ചുരം കയറിയാല്‍ ഗതാഗതം തടസ്സപ്പെടുമെന്നതിനാല്‍ പോലീസ് അനുമതി നിഷേധിക്കുകയും മംഗലാപുരം വഴി പോവണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചുരം വഴിയല്ലാതെ ഈ ലോറികള്‍ കടന്നു പോവില്ലെന്ന നിലപാടില്‍ കമ്പനി അധികൃതര്‍ ഉറച്ചു നില്‍ക്കുയാണ്.

കര്‍ണാടകയിലെ നെഞ്ചങ്കോടുള്ള ബിസ്‌കറ്റ് ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി ചുരം കയറാനെത്തി രണ്ട് ലോറികള്‍ പത്ത് ദിവസത്തിലേറെയായി പുതുപ്പാടി ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ഇവ ലോറിയുടെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലാണ്. ഈ ലോറി ചുരം കയറാന്‍ തുടങ്ങിയാല്‍ ചുരത്തിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാല്‍ താമരശ്ശേരി പോലീസ് ഇടപെടുകയായിരുന്നു.

കൊയിലാണ്ടിയിലെത്തി മംഗലാപുരം വഴി പോവാനാണ് പോലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതുവഴി പോവാന്‍ കഴിയില്ലെന്നാണ് കമ്പനി അധികൃതരുടെ നിലപാട്. താമരശ്ശേരി ചുരം വഴി വാഹനം കടന്നു പോവുമെന്നും ഇവര്‍ പറയുന്നു. ദേശീയ പാതക്ക് കുറുകെ ലൈനുകള്‍ ഉള്ളതിനാലാണ് മുന്നോട്ട് പോവാന്‍ വൈകുന്നതെന്നും ചുരത്തില്‍ ലൈനുകള്‍ ഇല്ലാത്തതിനാല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് ചുരം കയറാനാവുമെന്നും ഇവര്‍ പറയുന്നു. ചുരത്തില്‍ റോഡിന് വീതി കുറവായതിനാല്‍ മറ്റു വാഹനങ്ങള്‍ കടന്നു പോവില്ലെന്ന കാര്യം ഇവരും സമ്മതിക്കുന്നുണ്ട്.

കോഴിക്കോട്, വയനാട് കലക്ട്രേറ്റുകളില്‍ കമ്പനി അധികൃതര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി ലോറി കടത്തി വിടുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് എ ഡി എം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് ആവശ്യപ്പെട്ടതായാണ് സൂചന. അടുത്ത ദിവസം തന്നെ ലോറി ചുരത്തിലൂടെ കടത്തിവിടാനാണ് സാധ്യത. ലോറികള്‍ ചുരത്തില്‍ പ്രവേശിച്ചാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘദൂര ബസ്സുകളും ആമ്പുലന്‍സുകളും ഉള്‍പ്പെടെ തടഞ്ഞിടേണ്ടി വരും. ചുരത്തില്‍ വീതിയുള്ള ഭാഗങ്ങളില്‍ ലോറി നിര്‍ത്തിയിട്ട് മറ്റു വാഹനങ്ങള്‍ കടത്തിവിടാനാണ് ആലോചിക്കുന്നത്. എന്നാല്‍ ഒരുമണിക്കൂര്‍ ഗതാഗതം മുടങ്ങിയാല്‍ ചുരത്തില്‍ വാഹനങ്ങള്‍ നിറയുമെന്നത് അധികൃതരെ കുഴക്കുകയാണ്.

Related Articles

Leave a Reply

Back to top button