
നെടുമങ്ങാട്: രണ്ടുവയസ്സുകാരി ഉൾപ്പെടെ അഞ്ച് പേർക്കുനേരെ തെരുവുനായ് ആക്രമണം. കരുപ്പൂര് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും മുഖവൂർ ക്ഷേത്ര പരിസര പ്രദേശങ്ങളിലുമാണ് ആക്രമണം ഉണ്ടായത്. പിഞ്ചുകുഞ്ഞടക്കം അഞ്ച് പേരെ ആണ് നായ്ക്കൾ ആക്രമിച്ചത്.
സ്കൂളിന് സമീപമായതിനാൽ നാട്ടുകാർ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. വലിയമല ഐ.എസ്.ആർ.ഒയിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സുരേഷ്കുമാറിന്റെ രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയെയാണ് നായ് ആക്രമിച്ചത്. ശേഷം മറ്റ് നാലുപേരെക്കൂടി നായ് ആക്രമിച്ചു.
കടിയേറ്റവർ നെടുമങ്ങാട് ജില്ല ആശുപത്രിയിലും സാരമായി പരിക്കേറ്റ കരുപ്പൂര് ഇരുമരം മുരളീമന്ദിരത്തിൽ പങ്കജാക്ഷൻ(60) മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പേയിളകിയതായി സംശയിച്ച നായ്ക്കളെ നാട്ടുകാർ തല്ലിക്കൊന്നു. ചത്ത നായ്ക്കളാൽ കടിയേറ്റ തെരുവ് നായ്ക്കൾ പ്രദേശത്ത് അലയുന്നുണ്ട്. അധികൃതർ തുടർനടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് തദ്ദേശവാസികൾ.





