
വടകര: വടകര മേപ്പയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഇന്ന് രാവിലെ എട്ടുമണിയോടെ മേപ്പയില്‍ ഓവുപാലം സ്റ്റോപ്പിനു സമീപമാണ് അപകടം. മണിയൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് തിരുവള്ളൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. രാവിലെ സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ വടകരയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഏറെ നേരത്തേക്ക് സ്തംഭിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ ഭാഗത്തെ ഒരു വശം തകര്‍ന്ന നിലയിലാണ്. വിവരമറിഞ്ഞതോടെ വടകര പോലീസും, അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി. ക്രെയിനിന്റെ സഹായത്തോടെയാണ് ബസ് നീക്കിയതെന്ന് പോലീസ് പറഞ്ഞു.





