ആറന്മുളയിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോർട്ട്. 267 പാർട്ടിയംഗങ്ങൾ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടു നിന്നെന്ന് സി.പി.ഐ.എം റിപ്പോർട്ട്. അഞ്ച് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് എതിരെ റിപ്പോർട്ടിൽ പരാമർശം.
ആരോഗ്യമന്ത്രി വീണ ജോർജ് മത്സരിച്ച ആറന്മുളയിൽ സിപിഐഎം പ്രവർത്തകരുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നാണ് പാർട്ടിയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 22 ലോക്കൽ കമ്മിറ്റികളാണ് ഉള്ളത്. ഇതിൽ 20 ഇടത്ത് പ്രവർത്തകർ വിട്ടുനിന്നുവെന്നാണ് കണ്ടെത്തൽ. ഇലന്തൂരിലും കുലനാടയിലും വീഴ്ചയുണ്ടായി.
അതേസമയം, നിയമസഭാ തെരെഞ്ഞെടുപ്പ് വീഴ്ചയെ ചൊല്ലി സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സി കെ മണിശങ്കറിനെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്റിന്റെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കി.
എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള കൂട്ട നടപടിയിലേക്ക് സിപിഐഎം എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് മണ്ഡലങ്ങളിലെ തോൽവിയായിരുന്നു അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.
തൃപ്പൂണിത്തുറയിലെ പരാജയത്തിൽ ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരനെ ഒഴിവാക്കി. പിറവത്തെ പരാജയത്തിൽ കുത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെ നടപടി. ഷാജുവിനെ എറണാകുളം ജില്ല കമ്മിറ്റി, ഏരിയ സെക്രട്ടറി എന്നി സ്ഥാനത്ത് നിന്നും മാറ്റി. പെരുമ്പാവൂരിലെ പരാജയത്തിൽ ജില്ലാ സെക്രട്ടെറിയേറ്റ് അംഗം എൻ സി മോഹനന് പരസ്യശാസന.
ഇതിനിടെ, സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സിപിഐഎമ്മിന് കടുത്ത വിമർശനം. കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളിൽ സിപിഐഎമ്മിന് വീഴ്ചയുണ്ടായെന്ന് സിപിഐ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിപിഐഎമ്മിന്റെ വോട്ട് ചോർന്നുവെന്നും ഘടകകക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഐഎൻഎൽ മൽസരിച്ച കാസർഗോഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാൻ പോലും സിപിഐഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിമർശനം. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇടതുവോട്ടുകൾ ചോർന്നുവെന്നാണ് കണ്ടെത്തൽ. സിപിഐഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളിൽ മുന്നേറാൻ കഴിഞ്ഞില്ലെന്നതാണ് വോട്ടുമറിക്കലിന്റെ സംശയമായി പ്രകടിപ്പിക്കുന്നത്. പറവൂരിൽ സിപിഐഎം നേതാക്കളുടെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നു എന്നതാണ് മറ്റൊരു വിമർശനം.സിപിഐഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകകക്ഷികളെ പ്രചാരണത്തിൽ സഹകരിപ്പിച്ചില്ലെന്നും കൂട്ടായ ആലോചനകൾ സിപിഐഎം നടത്തിയില്ലെന്നും സിപിഐയുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു.