തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ.പി. അനില്‍കുമാര്‍ സിപിഎം അംഗത്വം സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് പിന്നാലെ 12.10 ഓടെ എ.കെ.ജി സെന്ററിലെത്തിയാണ് അദ്ദേഹം പാര്‍ട്ടി അഗത്വം സ്വീകരിച്ചത്. രാവിലെ 8.10ന് രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 11.30ഓടെ അനില്‍കുമാറിനെ പുറത്താക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച തന്നെ പുറത്താക്കാന്‍ നാണമാകില്ലേ എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.
8.10ന് രാജിവെച്ച തന്നെ എങ്ങനെ പുറത്താക്കും? പാര്‍ട്ടിക്കകത്ത് ഒരു കത്ത് നല്‍കിയാല്‍ അത് പരിശോധിക്കാന്‍ പോലും സമയമില്ല. ഇവരാണോ അച്ചടക്കം പറയുന്നതെന്നുന്നും കെ.പി. അനില്‍കുമാര്‍ ചോദിച്ചു. തിരുവനന്തപുരത്ത് രാജി പ്രഖ്യാപനത്തിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.
‘ഇത് നമ്മുടെ തെലുങ്ക് സിനിമ ബാഹുബലി പോലെയാണ്. മരിച്ചു കിടന്ന ബാഹുബലിയുടെ നെഞ്ചത്ത് കത്തി കയറ്റി, കൊല്ലുന്ന സീനില്ലേ, അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാവിലെ 8.10ന് ഞാനീ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. 11 മണിക്ക് മാധ്യമങ്ങളെ കാണുന്ന എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നാണമാകില്ലേ ഇവര്‍ക്ക്. ഇതാണോ പാര്‍ട്ടി. എന്നാപിന്നെ ആദ്യം എന്നെ പാര്‍ട്ടിയിലേക്ക് എടുക്കട്ടെ.’- അനില്‍കുമാര്‍ പരിഹസിച്ചു.
ഇതാണ് തന്നോടുള്ള വ്യക്തിപരമായ വിരോധമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ഒന്നും താളത്തിന് തുള്ളാന്‍ എനിക്ക് സാധിക്കാത്തതുകൊണ്ട്, കൊടുക്കല്‍ വാങ്ങല്‍ ഇടപാടിന് ഞാന്‍ ഇല്ലാത്തത് കൊണ്ട് എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുക എന്ന നയം അവര്‍ക്കുണ്ടാകാം. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുനില്ല. പൊതുപ്രവര്‍ത്തകനായി, മാന്യതയോടുകൂടി, അന്തസോടുകൂടി കേരളത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററിലേക്ക് എത്തിയ അദ്ദേഹത്തെ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സ്വീകരിച്ചു. ചുവപ്പ് ഷാള്‍ അണിയിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ആദ്യമായാണ് എകെജി സെന്ററിലേക്ക് കയറുന്നതെന്നും അഭിമാനമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. നേരത്തെ എങ്ങോട്ടാണ് പോകുന്നതെന്നോ സിപിഎമ്മിലേക്കാണോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും സിപിഎമ്മിന്റെ മതേതര മൂല്യം കാണാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.