
കണ്ണൂര്‍ ജില്ലയിലെ കണ്ണവം വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് മാടാഞ്ചേരി കോളനി പരിസരത്ത് കാട്ടാനക്കൂട്ടം. കുട്ടി ആനകള്‍ ഉള്‍പെടെ പത്തിലേറെ ആനകളാണ് വനാതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. പ്രദേശത്തെ ജനം ഭീതിയില്‍. വ്യാഴാഴ്ച വൈകുന്നേരം ആനക്കൂട്ടം പുഴ കടന്ന് കോളനിയിലേക്ക് കടക്കാനുള്ള ശ്രമം പടക്കം പൊട്ടിച്ച് നാട്ടുകാര്‍ പരാജയപ്പെടുത്തി. രാപ്പകല്‍ ഭേദമന്യേ ആനക്കൂട്ടം താണ്ഡവമാടുകയാണെന്നും വന്‍ കൃഷി നാശമാണ് ഈ മേഖലയില്‍ വരുത്തി വെക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പാലൂര്‍ പുഴയില്‍ ജല നിരപ്പ് ഉയര്‍ന്നതാണ് ആനക്കൂട്ടം കോളനിയിലേക്ക് കടക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. കോളനിവാസികളായ മാടാഞ്ചേരി എം സി അശോകന്‍, അസൈനാര്‍, എം.സി.ബിനീഷ് എന്നിവരുടെ വീടിന്റെ പരിസരത്താണ് ആനകള്‍ ഇറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. കണ്ണവം വന മേഖലയില്‍ ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കാത്തതാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാന്‍ കാരണമെന്ന് കോളനിവാസികള്‍ പറയുന്നത്.





