
പാലക്കാട്: ദേശീയ പതാക കൈമാറാൻ എത്തിയ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി നേതാക്കൾ അപമാനിച്ചതായി പരാതി. ബിജെപി വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ എത്തിയവർ അധിക്ഷേപിച്ചെന്നാണ് പരാതി. ജാതി വിളിച്ചും അസഭ്യം പറഞ്ഞും അധിക്ഷേപിച്ചെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ മലമ്പുഴ പൊലീസിൽ പരാതി നൽകി. ദേശീയപതാക കൈമാറാൻ വന്നപ്പോൾ ഫോട്ടോ എടുക്കാൻ അനുവദിക്കാത്തതിൽ അധിക്ഷേപിച്ചെന്ന് രാധിക മാധവൻ വ്യക്തമാക്കി.
ദേശീയ പതാകയെയും ദേശീയ ഗാനത്തേയും അപമാനിച്ചെന്ന് കാട്ടി ആലപ്പുഴ ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പരാതി. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി അംഗം കൂടിയായ രാമകൃഷ്ണൻ സ്വന്തം വീട്ടിൽ പതാക തലതിരിച്ചുയർത്തി എന്നാണ് പരാതി. അങ്കണവാടിയിൽ ദേശീയ ഗാനം ആലപിക്കവേ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
അതേസമയം പാലക്കാട് മുതലമടയിൽ സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയതായി ആരോപണം ഉയർന്നു. ചെമ്മണാമ്പതി അണ്ണാനഗറിലാണ് സിപിഎം പതാകയ്ക്ക് കീഴിലായി ദേശീയപതാക കെട്ടിയത്. സംഭവം വിവാദമായതോടെ പതാക മാറ്റിക്കെട്ടി.





