
കൊല്ലം: സംസ്ഥാന സര്‍ക്കാരിനെതിരെ ലത്തീൻ സഭ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സര്‍ക്കാരിന് സംരക്ഷണമൊരുക്കാൻ സിഐടിയു. കൊല്ലത്ത് കാൽ ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാർ മത്സ്യമേഖലയെ തകര്‍ക്കുന്നുവെന്ന മറുവാദം ഉയര്‍ത്തിയാണ് സിഐടിയുവിന്റെ പ്രതിരോധം.
തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം ശക്തമാക്കിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് മത്സ്യത്തൊഴിലാളികളെ അണിനിരത്തി തങ്കശ്ശേരി കടപ്പുറത്ത് സിഐടിയു പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരാണ് തീരദേശ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സിഐടിയുവിന്റെ ആരോപണം. ഇന്ധന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാർ പിൻവലിക്കുക.
മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക. മത്സ്യഫെഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒപ്പം തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്ക് കാരണം ഉമ്മൻ ചാണ്ടി സര്‍ക്കാരെടുത്ത തീരുമാനങ്ങളാണെന്നും സിഐടിയു കുറ്റപ്പെടുത്തുന്നു. വലിയ ജനപങ്കാളിത്തമുള്ള പരിപാടിയിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ മുനയൊടിക്കാൻ കഴിയുമെന്നാണ് സിഐടിയുവിന്റെ പ്രതീക്ഷ. അതേസമയം മത്സ്യത്തൊഴിലാളികളുയര്‍ത്തിയ ആവശ്യങ്ങളോട് മുഖ്യമന്ത്രി എന്ത് മറുപടി നൽകുമെന്നാണ് തീരദേശ മേഖല കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയത്. പ്രതിഷേധവുമായി എത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ ഒടുവിൽ സമരക്കാരെ പൊലീസ് അനുവദിച്ചു.





