ബഫർ സോണില്‍ പുതിയ ഉത്തരവിറക്കി സർക്കാർ; ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കി
തിരുവനന്തപുരം: ബഫർ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. 2019 ഉത്തരവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. ജനവാസ കേന്ദ്രങ്ങളടക്കം ഒരു കിലോ മീറ്റർ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ ഉത്തരവ് തിരുത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും.
കഴിഞ്ഞ 27 ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് 2019ല ബഫർ സോൺ ഉത്തരവ് തിരുത്താൻ തീരുമാനമെടുത്തത്. വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോ മീറ്റർ ബഫർ സോണായി നിശ്ചയിച്ചുള്ളതാണ് 2019ലെ ഉത്തരവ്. ബഫർ സോൺ ഒരു കിലോ മീറ്ററാക്കിയുള്ള സുപ്രീംകോടതി വിധി വലിയ ആശങ്ക ഉയർത്തിയപ്പോഴാണ് സംസ്ഥാനത്തിന്‍റെ ഉത്തരവ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്. സംസ്ഥാനം പുതിയ ഉത്തരവിറക്കാതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന വാദം ശക്തമായി. വലിയ ചർച്ചകൾക്കൊടുവിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ ഉത്തരവിറക്കാൻ തീരുമാനിച്ചത്.