
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പിന്റെ വിവിധസേവനങ്ങൾ ഡിജിറ്റലാക്കുന്നു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് പരിഷ്കരിക്കുന്നത്. ഭൂനികുതി ഓൺലൈനായി അടയ്ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻമുതൽ ഭൂമി തരംമാറ്റലിനുള്ള അപേക്ഷാസമർപ്പണംവരെ ഓൺലൈനാവും. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ 1666 വില്ലേജ് ഓഫീസുകൾക്കും ഔദ്യോഗിക വെബ്സൈറ്റും നിലവിൽവരും.
ഓൺലൈനായും സ്വന്തം മൊബൈലിൽനിന്നും റവന്യൂ ഇ-സർവീസസ് എന്ന ആപ്ലിക്കേഷൻ വഴിയും ഭൂനികുതി അടയ്ക്കാം. ഇതിനായി നേരിട്ട് വില്ലേജ് ഓഫീസിൽ എത്തേണ്ടതില്ല. വർഷാവർഷം ഒടുക്കേണ്ട നികുതി സംബന്ധിച്ച വിവരം ഗുണഭോക്താവിന് എസ്.എം.എസ്. വഴി നൽകും. രസീത് ഡൗൺലോഡ് ചെയ്യാം.
ഭൂരേഖകൾ: സർവേ മാപ്പ്, തണ്ടപ്പേർ പകർപ്പ്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫീസും ഓൺലൈനായി അടയ്ക്കാം. പകർപ്പും ലഭിക്കും. ഓൺലൈൻ ആയി ഇവയുടെ ആധികാരികത ഉറപ്പുവരുത്താം.
ഭൂമി തരംമാറ്റം: നെൽവയൽ തണ്ണീർത്തട നിയമഭേദഗതിപ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ, ഓൺലൈൻ പേമെന്റ്, സ്റ്റാറ്റസ് വേരിഫിക്കേഷൻ എന്നീ സൗകര്യങ്ങൾ. അപേക്ഷയിലെ ന്യൂനതകൾ ഓൺലൈനിൽ പരിഹരിക്കാം. തീർപ്പായ അപേക്ഷയിൽ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നിന്നു ഉടനടി ഭൂരേഖകളിൽവേണ്ട മാറ്റങ്ങൾ വരുത്താം. സർവേ അപാകം പരിഹരിക്കാം.
നികുതി രജിസ്റ്റർ, തണ്ടപ്പേർ അക്കൗണ്ട്: 1666 വില്ലേജുകളിലെ അടിസ്ഥാന നികുതി രജിസ്റ്റർ, തണ്ടപ്പേർ അക്കൗണ്ടുകളിൽ ലഭ്യമായതും കുറ്റമറ്റതുമായവയുടെ ഡിജിറ്റൈസേഷൻ പൂർത്തിയാവുന്നതോടെ സേവനങ്ങൾ ഓൺലൈൻ ആകും.
വില്ലേജ് വെബ്സൈറ്റ്: അടിസ്ഥാനവിവരങ്ങൾ, ഭൂവിവരങ്ങൾ, പ്രവർത്തനങ്ങൾ, സേവനങ്ങൾ, ഇൻഫർമേഷൻ മാനേജ്മെന്റ് എന്നിവയുൾപ്പെടുത്തി എല്ലാ വില്ലേജ് ഓഫീസിനും വെബ്സൈറ്റ് നടപ്പാക്കും. സർട്ടിഫൈ ചെയ്ത ഭൂരേഖകൾ വെബ്സൈറ്റ് വഴി കാണാം.
ക്വിക്ക് പേ സംവിധാനം: പൊതുജനങ്ങൾക്ക് വിവിധ നികുതി/ഫീസ് തടസ്സമില്ലാതെ അടയ്ക്കുന്നതിനുള്ള റവന്യൂ ഇ-സർവീസസ് പോർട്ടൽ നവീകരിച്ചു. പൊതുജനങ്ങൾക്ക് ലളിതവും അനായാസവുമായി നികുതി ഒടുക്കുന്നതിന് സഹായകമാംവിധം യൂസർ ഇന്റർഫേസിന്റെ നവീകരണം പൂർത്തിയായിട്ടുണ്ട്.




