ബത്തേരി: മുട്ടിൽ മരം മുറി കേസ് അന്വേഷണം 3 മാസം പിന്നിടുമ്പോൾ കേസ് ഡയറി 2000 പേജ് പിന്നിട്ടു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 213 പേരുടെ മൊഴിയെടുത്തു. ഇത്തരത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി വി.വി. ബെന്നിക്ക് സ്ഥലം മാറ്റമെത്തിയത്. സ്ഥലം മാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പുതിയൊരാള്‍ വന്നാല്‍ അന്വേഷണത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ 3 മാസത്തിനിടെ വിശ്രമമില്ലാത്ത പരിശോധനകളും ചോദ്യം ചെയ്യലും തെളിവു ശേഖരിക്കലുമാണ് കേസിൽ നടന്നത്. മരം മുറിക്കാനായി ഭൂവുടമകളുടെ പേരിൽ ഒപ്പിട്ട 14 അപേക്ഷകൾ, വില്ലേജ് ഓഫിസർ അനുവദിച്ച സാക്ഷ്യപത്രങ്ങൾ, മരങ്ങളുടെ വിവരങ്ങൾ അടങ്ങിയ ട്രീ റജിസ്റ്ററുകൾ എന്നിവ ഇക്കാലയളവിൽ പൊലീസ് ശേഖരിച്ചു. ഭൂവുടമകളുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ, പണം നൽകിയതിന്റെ രേഖകൾ, വൈത്തിരി ചെക്പോസ്റ്റിലെ റജിസ്റ്റർ എന്നിവയും കണ്ടെടുത്തു. മുറിക്കപ്പെട്ട 103 മരങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും 103 മരക്കുറ്റികളുടെ മഹസർ തയാറാക്കുകയും ചെയ്തു.
അറസ്റ്റിലായവരുടെ മൊഴികളിൽ മരംമുറിയുമായി ബന്ധപ്പെട്ടുള്ള ചില രാഷ്ട്രീയ ഉന്നതരുടെ പേരുകളുണ്ടെന്നാണ് അറിയുന്നത്. ഈ ബന്ധങ്ങളും ഇനി പരിശോധിക്കേണ്ടതുണ്ട്. മരംമുറിയുമായി ബന്ധപ്പെട്ട് അവ്യക്തതകൾ നിറഞ്ഞ ഉത്തരവിറങ്ങിയതിന്റെ ഉറവിടം കണ്ടെത്തണം. ഉന്നത തല സഹായങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കണം. കൂടാതെ 103 മരക്കുറ്റികളിൽ നിന്ന് സാംപിൾ ശേഖരിച്ച് ലാബിൽ പരിശോധന നടത്തി അവ പിടിച്ചെടുക്കപ്പെട്ട തടികളുടേതാണോ എന്ന് ഒത്തു നോക്കണം. എസ്ഐ സുഭാഷ് എസ്. മണിയാണ് കേസ് ഡയറി തയാറാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിക്കുന്നത്.