
കോഴിക്കോട്: സോണിയ ഗാന്ധിക്ക് എതിരെയുള്ള ഇഡി നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. സമരക്കാരെ പൊലീസും റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) ബലം പ്രയോഗിച്ചു മാറ്റാൻ ശ്രമിച്ചതിൽ സംഘർഷമായി. സംഭവത്തിൽ 10 പേരെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.15നാണു സംഭവം.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷഹിന്റെയും ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേയിൽ എത്തിയ പ്രവർത്തകർ 11.13ന് ഒന്നാം പ്ലാറ്റ്ഫോമിൽ ചെന്നൈക്കു പോകുന്ന എഗ്‌മോർ എക്സ് പ്രസ് തടയുകയായിരുന്നു.
പ്രവർത്തകരെ ട്രെയിനിനു സമീപം ആർപിഎഫും റെയിൽവേ പൊലീസും ചേർന്നു തടഞ്ഞെങ്കിലും പൊലീസിനെ തള്ളിമാറ്റി സമരക്കാർ ട്രെയിൻ തടയുകയും എൻജിൻ ഗാർഡിനു മുകളിൽ കയറി യൂത്ത് കോൺഗ്രസ് കൊടി നാട്ടുകയും ചെയ്തു. പിന്നീട് പ്രവർത്തകർ ട്രെയിനു മുന്നിൽ ഉപരോധം തീർത്തു.ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെയും ടൗൺ എസ്ഐ എസ്.ജയശ്രീ, റെയിൽവേ എസ്ഐ പി.കെ.ബഷീർ, ആർപിഎഫ് എസ്ഐ എം.പി.ഷിനോജ് കുമാർ എന്നിവരുടെയും നേതൃത്വത്തിൽ പൊലീസ് സംഘം നേതാക്കളെ ബലംപ്രയോഗിച്ചു മാറ്റാൻ ശ്രമിച്ചതോടെ സംഘർഷമായി.
പ്രവർത്തകർ പലരും റെയിൽ പാളത്തിൽ കിടന്നു. കൂടുതൽ പൊലീസെത്തി പ്രതിഷേധിച്ച 17 പേരെ പിടികൂടി. 14 മിനിറ്റിനു ശേഷം പൊലീസ് സുരക്ഷയൊരുക്കി ട്രെയിൻ യാത്ര കടത്തിവിട്ടു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സ്റ്റേഷനിൽ എത്തിച്ചു. വിവരമറിഞ്ഞു മറ്റു നേതാക്കൾ ആർപിഎഫ് ഓഫിസിലെത്തി. ട്രെയിൻ തടഞ്ഞ സംഭവത്തിൽ ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, വിദ്യാ ബാലകൃഷ്ണൻ, ബവിത്ത് മേലാൽ, ജവഹർ പൂമംഗലം, പി.പി. റമീസ്, ജറിൽ ബോസ്, അഷ്റഫ് എടക്കാട്, അതുൽ ഇയാട്, മുരളി അമ്പലക്കോത്ത്, പി.എം.ഷഹബാസ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.





