കോഴിക്കോട്: നിപ ഭീതി ഒഴിയുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിൽ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവായി. ഇതോടെ പരിശോധിച്ച 47 ൽ 46 ഉം നെഗറ്റീവായി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ 68 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേർക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്.
സമ്പർക്ക പട്ടികയിൽ ഉള്ളവർ എല്ലാവരും നിർബന്ധമായും ക്വാറന്റൈൻ പൂർത്തിയാക്കണം. സമ്പർക്ക പട്ടികയിൽ 47 പേർ മറ്റു ജില്ലകളിൽ ഉള്ളവരാണ്. നിലവിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി നിരീക്ഷിക്കും. ഇതിന് ശേഷം ഇവർക്ക് വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ മാത്രം ഐസൊലേഷൻ മാനദണ്ഡം പാലിച്ച് ക്വാറന്റൈൻ വീട്ടിൽ പൂർത്തിയാക്കാൻ അനുവദിക്കും.
നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 4995 വീടുകളിൽ സർവേ നടത്തി. 27536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ടു. 44 പേർക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് താലൂക്കിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ വാക്സീനേഷൻ പുനരാരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ച അഞ്ച് സാമ്പിളുകൾ പരിശോധനക്ക് അയക്കാനും തീരുമാനമായി.
നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. വിദേശത്ത് നിന്ന് ആന്‍റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രി സഭാ യോഗം നിര്‍ദ്ദേശം നല്‍കി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. അഞ്ച് ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. നിരീക്ഷണകാലം ഇരട്ടിയാക്കാൻ തീരുമാനമുണ്ട്.