കോഴിക്കോട്: നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമാണെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി. മലബാറിൽ പ്രതിരോധ പ്രവര്‍ത്തനം തുടരും. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത് നേട്ടമായിയെന്നും ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗം വിലയിരുത്തി. വിദേശത്ത് നിന്ന് ആന്‍റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രി സഭാ യോഗം നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ നിപ ഭീതി ഒഴിയുകയാണ്. സമ്പർക്കപ്പട്ടികയിലുള്ള 20 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. 21 ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. നിരീക്ഷണകാലം ഇരട്ടിയാക്കുമെന്നും വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.