Thiruvananthapuram

ഓപ്പറേഷൻ ട്രൂ ഹൗസ്; കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനമെമ്പാടും വിജിലന്‍സ് മിന്നല്‍ പരിശോധന

Please complete the required fields.




തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് പരിശോധന. 

നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെയാണ് കെട്ടിടനമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടക്കുന്നത്. കെട്ടിടനമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്. 

വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബര്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സോഫ്റ്റ്വെയര്‍ തകരാര്‍ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത് സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. അതുകൊണ്ടു തന്നെ എല്ലാ നഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. അതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. 

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചിരുന്നു. പരല്‍മീനുകള്‍ മാത്രമാണ് പിടിക്കപ്പെട്ടത്. വമ്പന്‍ സ്രാവുകള്‍ വേറെയുണ്ട്. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണ് ചെറുവണ്ണൂരിലെ കോര്‍പ്പറേഷന്‍ ഓഫീസിലുണ്ടായ തീപിടിത്തമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബിജെപി  സപ്തദിന സത്യാഗ്രഹ സമരവും നടത്തുകയാണ്. 

Related Articles

Leave a Reply

Back to top button