Kozhikode

തോരാമഴ; കോഴിക്കോട് ജില്ലയിൽ ഇന്നും യെല്ലോ അലർട്ട്, 19 വീടുകൾ തകർന്നു, മത്സ്യത്തൊഴിലാളിയെ കാണാതായി

Please complete the required fields.




കോഴിക്കോട്: മഴക്കെടുതികളിൽ ജില്ല വിറയ്ക്കുന്നു; ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. 16 വില്ലേജുകളിലായി 19 വീടുകൾ ഭാഗികമായി തകർന്നതായും ജില്ലാ ദുരന്തനിവാരണ സെൽ അറിയിച്ചു. ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊയിലാണ്ടിക്കു പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിഞ്ഞ് മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായത്. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ഇന്നു രാവിലെയായിരുന്നു അപകടം.

മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ അർവനേഷ് എന്ന കപ്പലുൾപ്പെടെ പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ തുടങ്ങിയവർ സംഭവസ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി കോസ്റ്റ്ഗാർഡിന്റെ ഒരു ഹെലികോപ്ടറും മറ്റൊരു കപ്പലും കൂടെയെത്തുമെന്നും ദുരന്തനിവാരണ സെൽ അറിയിച്ചു.

ഈങ്ങാപ്പുഴ വില്ലേജിലെ കടിവെട്ടിച്ചാലിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കട്ടിപ്പാറ വില്ലേജിലെ പുത്തൻവീട്ടിൽ മനോജ്‌ കുമാറിന്റെ വീടിന് ഇന്നലെയുണ്ടായ മഴയിൽ ഭാഗിക നാശനഷ്ടം സംഭവിച്ചു. ഈങ്ങാപ്പുഴ വില്ലേജിൽ ചാലിൽ അമ്പലപ്പടി അബ്ദുറഹ്മാൻ കുട്ടിയുടെ വീടും ഭാഗികമായി തകർന്നു. നരിപ്പറ്റ പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാവിൽ ചാക്കോയുടെ വീട്ടുമുറ്റത്ത് വിള്ളലുണ്ടായി. മുറ്റത്തോടു ചേർന്നുള്ള ചുറ്റുമതിൽ തകരുകയും ചെയ്തു. വീട്ടുകാരെ അടുത്തുള്ള ബന്ധു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചെങ്ങോട്ടുകാവ് വില്ലേജിൽ എടക്കുളം പറമ്പിൽ ഹൗസിൽ ഷാജിയുടെ വീടിനു മുകളിൽ തെങ്ങു വീണു ഭാഗികമായി നാശനഷ്ടം സംഭവിച്ചു.

വിലങ്ങാട് കനത്ത മഴയ്ക്കിടയിൽ വായാട്ട് കാവിൽ പുരയിടത്തിൽ ജേക്കബിന്റെ വീട്ടുമുറ്റവും മതിലും തകർന്നു. വീട് സുരക്ഷാ ഭീഷണിയിലാണ്. വടകര മംഗലാട് 13 –ാം വാർഡിലെ വള്ളുക്കണ്ടി കുഞ്ഞിരാമന്റെ വീട് തകർന്നു. ഇതിന്റെ തൊട്ടു മുൻപ് അടുക്കളയിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതു കൊണ്ട് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. മാവൂർ മൊടനാരി ഷാജു (43) വാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. ബേപ്പൂർ ചാലിയം ബൈത്താനി ഭാഗത്ത് ഒരാഴ്ചയായി കടലാക്രമണം രൂക്ഷമായി തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം വൃഷ്ടിപ്രദേശങ്ങളിലെ മഴ കുറഞ്ഞതോടെ കക്കയം ഡാമിലെ ഇരു ഷട്ടറുകളും ഇന്നലെ അടച്ചു.

Related Articles

Leave a Reply

Back to top button