എറണാകുളം അങ്കമാലിയില്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തുറവൂര്‍ സ്വദേശിനി അഞ്ജു അനൂപാണ്(29) ചികിത്സയിലിരിക്കെ മരിച്ചത്. മക്കളായ ചിന്നു (6) കുഞ്ചു (3) എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ദാരുണമായ സംഭവം. സ്വന്തം കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അഞ്ജു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഗുരുതരമായി പൊള്ളലേറ്റ മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മക്കള്‍ മരിച്ചു.
അഞ്ജുവിന്റെ നില അതീവ ഗുരുതരമായ സാഹചര്യത്തില്‍ തുടര്‍ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒന്നര മാസം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു അഞ്ജുവെന്ന് സമീപവാസികള്‍ പറയുന്നു.