Kozhikode

മാർച്ച് നടത്തി സായുധസേനാ ഉദ്യോഗാർഥികള്‍ ; പ്രവേശന പരീക്ഷ ഉടൻ നടത്തണമെന്ന് ആവശ്യം

Please complete the required fields.




കോഴിക്കോട്: അഗ്നിപഥ് പദ്ധതി ആശങ്ക സൃഷ്ടിക്കുന്നതിനിടെ സായുധസേനയിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ച് പ്രതിഷേധക്കടലായി. ഒന്നരവർഷം മുൻപ് ശാരീരിക ക്ഷമതാ പരീക്ഷയും ആരോഗ്യപരിശോധനയും പാസായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളാണ് എഴുത്തുപരീക്ഷ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയത്. ഒന്നരലക്ഷത്തോളം വിദ്യാർഥികളാണ് കരസേനയുടെ റിക്രൂട്മെന്റ് റാലിയിൽ ശാരീരികക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുത്തത്. 

ഇവരിൽ 5000 പേരാണ് എഴുത്തുപരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2021  ഏപ്രിലിൽ നടക്കാനിരുന്ന എഴുത്തുപരീക്ഷ പല കാരണങ്ങൾ പറഞ്ഞു നീട്ടിവയ്ക്കുകയായിരുന്നു. മറ്റുജോലികൾ ചെയ്തു കുടുംബം പുലർത്തിയിരുന്ന യുവാക്കൾ എഴുത്തുപരീക്ഷയ്ക്കു തയാറെടുക്കാൻ ജോലി രാജിവയ്ക്കുകയും പരിശീലനം തുടങ്ങുകയും ചെയ്തു. എന്നാൽ, പലതവണ നീട്ടിവച്ച പരീക്ഷ ഇപ്പോഴത്തെ സാഹചര്യത്തിൽ റദ്ദുചെയ്യപ്പെടുമെന്ന ആശങ്ക ഉയർന്നതോടെയാണു യുവാക്കൾ മാർച്ച്  നടത്താൻ തീരുമാനിച്ചത്. കക്ഷിരാഷ്ട്രീയഭേദമില്ലാതെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഉദ്യോഗാർഥികളാണ് റെയിൽവേ സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തത്. 

സമരം സൈന്യത്തിനോ അഗ്നിപഥ് പദ്ധതിക്കോ എതിരായല്ലെന്നും നീട്ടിവച്ച പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. കായികക്ഷമത തെളിയിച്ച തങ്ങളുടെ അവസരം നഷ്ടമാവാതിരിക്കാനാണ് പ്രതിഷേധമെന്നും അവർ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് ആരംഭിച്ച ജാഥ പാളയം വഴി റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിലിരുന്ന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് മുദ്രാവാക്യം വിളിച്ച ശേഷം ഉദ്യോഗാർഥികൾ സമാധാനപൂർവം പിരിഞ്ഞുപോയി.

Related Articles

Leave a Reply

Back to top button