
ബാലുശ്ശേരി : എസ്റ്റേറ്റ് മുക്ക് – കക്കയം റൂട്ടിലെ തെച്ചിയിലുള്ള താൽക്കാലിക പാലം കനത്ത മഴയിൽ കുത്തിയൊലിച്ച് തകർന്നു. ഇവിടെ പാലം പ്രവൃത്തി നടക്കുന്നതിനാലാണ് താൽക്കാലിക പാത നിർമിച്ചത്. താൽക്കാലിക റോഡിന്റെ പകുതിയോളം ഭാഗത്ത് ഗർത്തം രൂപപ്പെടുകയായിരുന്നു. കല്ലുകൾ ഇറക്കി കുഴി നികത്തിയ ശേഷമാണ് ഗതാഗതം പൂർണ തോതിൽ ആയത്. ഒരു മാസം മുൻപും ഇവിടെ പാലം തകർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പാലം പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായി. അറോക്കം തോട്ടിലൂടെ കുത്തിയൊലിച്ച് എത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് ബദൽ പാതയുടെ അടിയിൽ വലിയ പൈപ്പുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ നിർദേശിച്ചിരുന്നു. 2 കോടി രൂപ വിനിയോഗിച്ചാണ് പാലം പുതുക്കി പണിയുന്നത്. 7 മാസം മുൻപായിരുന്നു പ്രവൃത്തി ഉദ്ഘാടനം. പിന്നീടുള്ള 2 മാസം കാര്യമായ പ്രവൃത്തികളൊന്നും നടന്നില്ല. ഗതാഗതം തടസ്സപ്പെട്ടതോടെ ഈ റൂട്ടിലെ യാത്രക്കാർക്ക് ഏറെ ദൂരം ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ടി വന്നു. ബദൽ പാത കൂടുതൽ ശക്തമാക്കുമെന്ന് മരാമത്ത് അധികൃതർ നൽകിയ വാഗ്ദാനം പാലിക്കാതിരുന്നതിൽ പ്രതിഷേധം ശക്തമാണ്.





