Kozhikode

കൂടത്തായി കേസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Please complete the required fields.




കോഴിക്കോട് : കൂടത്തായി സീരിയൽ കൊലപാതക കേസിലെ വിചാരണയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ആർ. ഹരിദാസനാണ് കോടതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോയ് തോമസ് വധക്കേസിലെ അവസാനഘട്ട വിസ്താരം നടക്കുന്നതിനിടെയാണ് സംഭവം. ആർ. ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കേസിലെ നിർണായക സാക്ഷികളിൽ ഒരാളായ ഹരിദാസന്റെ മൊഴി കോടതി രേഖപ്പെടുത്തുകയായിരുന്നു. കൂടത്തായി പൊന്നാമറ്റം കേസിൽ 130-ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞത്. ജോളി പ്രതിയായ ഒന്നിലധികം കൊലപാതക കേസുകളിൽ ആദ്യം വിധി പറയുക റോയ് തോമസ് വധക്കേസിലായിരിക്കും എന്നാണ് പ്രതീക്ഷ.2011 സെപ്റ്റംബറിലാണ് റോയ് തോമസ് മരിച്ചത്.

ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.2019-ലാണ് കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകങ്ങളുടെ വിവരം പുറത്തുവന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയുടെ പേര് വാർത്തകളിൽ നിറയുന്നത്.

റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റേതായിരുന്നു ആദ്യ മരണം. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞുവീണ് മരിച്ചു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. ഇതിന് പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരുവയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ സിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജീവൻ ജോർജിന്റെ റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. നിലവിൽ ജോളി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Related Articles

Back to top button