
തിരുവനന്തപുരം: കോവിഡിനു പിന്നാലെ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എംഐഎസ്–സി) ബാധിച്ചു കേരളത്തിൽ 4 കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒന്നര വർഷത്തിനിടെ 300 ൽ ഏറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. ഇവരിൽ 95 % പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണു കുട്ടികൾക്ക് കോവിഡ് ബാധയുണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയത്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. എല്ലാവരും 18 വയസ്സിനു താഴെയുള്ളവർ. ഒരു കുട്ടിക്കു മാത്രം മറ്റു ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നു എന്നാണു റിപ്പോർട്ട്.
കേരളത്തിലെ ആകെ കോവിഡ് ബാധിതരിൽ 7% പേർ 10 വയസ്സിനു താഴെയുള്ളവരാണ്. 10% പേർ 11–20 വയസ്സു പ്രായമുള്ളവർ. 0.004% ആണ് 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കോവിഡ് മരണനിരക്ക്. 0–19 പ്രായത്തിലുള്ള 39 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. മിസ്ക് ബാധിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്ക് ആരോഗ്യവകുപ്പ് നേരത്തെ തന്നെ പ്രോട്ടോക്കോൾ തയാറാക്കിയിരുന്നു.
മിസ്ക് ലക്ഷണങ്ങൾ
കോവിഡ് ബാധിച്ച കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത പനി പ്രധാന രോഗലക്ഷണം. ത്വക്കിലെ ചുവന്ന പാടുകൾ, പഴുപ്പില്ലാത്ത ചെങ്കണ്ണ്, വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവയും ലക്ഷണങ്ങളാണ്.





