ബാലുശ്ശേരി: വിനോദസഞ്ചാരികൾക്ക് വിസ്മയക്കാഴ്ചകളൊരുക്കി കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വയലട മല. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരം അടിയോളം ഉയരത്തിലുള്ള മലയിൽ സമശീതോഷ്ണ കാലാവസ്ഥയാണ്. വയലട മലയിലെ കോട്ടക്കുന്നിലുള്ള മുള്ളൻ പാറ ഏറേ ശ്രദ്ധേയമാണ്. ഈ പാറയിൽനിന്ന് നോക്കിയാൽ പെരുവണ്ണാമൂഴി ഡാം സൈറ്റിന്റെ റിസർവോയറിന്റെ മനോഹരകാഴ്ച കാണാം. പാറയോടടുത്താണ് കോട്ടക്കുന്ന് ആദിവാസി കോളനിയുള്ളത്. പത്തോളം ആദിവാസി കുടുംബങ്ങൾ അവിടെ പാർക്കുന്നുണ്ട്. വയലട മലമുകളിലെ കുരിശുപാറയും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. മലമുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന അരുവികളും കൗതുകകാഴ്ചയാണ്. വയലടയിൽനിന്ന് മണിച്ചേരി മലയിലേക്കിറങ്ങിയാൽ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് തലയാട് അങ്ങാടിയിൽ എത്താൻ കഴിയും.
ബാലുശ്ശേരി ടൗണിൽനിന്നു ഏകദേശം 15 കിലോമീറ്ററോളം അകലേയാണ് വയലട മല. കുറുമ്പൊയിൽ അങ്ങാടിയിൽനിന്ന് റോഡ് വഴി തോരാട് ഭാഗത്തെത്തിയാൽ മനോഹരമായ വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗിയും നയനാനന്ദകരമാണ്