EntertainmentIndia

ഞങ്ങള്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, തിരക്കിനിടയില്‍ മറന്നതാണ്; ഖേദ പ്രകടനവുമായി വിഘ്‌നേഷും നയന്‍താരയും

Please complete the required fields.




തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച്‌ കയറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. ക്ഷേത്ര അധികൃതര്‍ താരങ്ങള്‍ക്കെതിരെ ലീ​ഗല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതിന് പിന്നാലൊണ് ഖേദ പ്രകടനവുമായി ഇവര്‍ എത്തിയിരിക്കുന്നത്.

ക്ഷേത്ര അധികൃതര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് താരദമ്ബതികള്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്. തങ്ങള്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കത്തിലൂടെ ഇവര്‍ വ്യക്തമാക്കി. തങ്ങളുടെ പ്രവര്‍ത്തി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നതായും കത്തിലുണ്ട്. ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടി. ആ തിരക്കിനിടയില്‍ ചെരുപ്പിന്റെ കാര്യം ശ്രദ്ധിച്ചില്ല. വിവാഹത്തിന് മുന്‍പുള്ള മുപ്പത് ദിവസങ്ങളില്‍ അഞ്ച് പ്രാവശ്യം തിരുപ്പതിയില്‍ എത്തിയിരുന്നു’- കത്തില്‍ പറയുന്നു.

വ്യാഴാഴ്ച വിവാഹിതരായ ഇരുവരും വിവാഹ ചടങ്ങുകള്‍ക്ക് ശേഷം തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വലിയ വാ‌ര്‍ത്തയായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്തദിവസമാണ് ഇവര്‍ തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദര്‍ശിച്ചത്. നയന്‍താര ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ചെരുപ്പിട്ട് നടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദര്‍ശനത്തിന് എത്തിയപ്പോള്‍ കൂടെ സ്വന്തം ഫോട്ടോഗ്രാഫര്‍മാരെ കൂടെ കൂട്ടിയതും വിവാദമായിരുന്നു. ക്ഷേത്ര നിയമം അനുസരിച്ച്‌ സ്വകാര്യ ഫോട്ടോഗ്രാഫര്‍മാരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാറില്ല.

ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ട് നടക്കാന്‍ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരസിംഹ കിഷോര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി ചെരുപ്പിട്ട് നടക്കുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാര്‍ അത് വിലക്കിയിരുന്നുവെന്നും ക്ഷേത്രത്തിനകത്ത് അവര്‍ ചിത്രങ്ങളെടുത്തെന്നും അതും വിലക്കിയെന്നും കിഷോര്‍ വ്യക്തമാക്കിയിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്ഷേത്ര അധികൃതര്‍ നോട്ടീസ്‌ അയക്കാന്‍ ഒരുങ്ങവെയാണ് താരദമ്ബതികള്‍ ഖേദം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയത്.

Related Articles

Leave a Reply

Back to top button