
കോഴിക്കോട് : സ്കൂൾ വാഹനങ്ങളും വിദ്യാർഥികളെ കയറ്റുന്ന മറ്റു സ്വകാര്യ വാഹനങ്ങളുടെയും സുരക്ഷ സംബന്ധിച്ചുള്ള പരിശോധന 11 വരെ തുടരുമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. വാഹനങ്ങൾക്കു ഫിറ്റ്നസ് നിർബന്ധമാണ്. രേഖകളില്ലാതെ വിദ്യാർഥികളുമായി യാത്ര ചെയ്താൽ കർശന നടപടി ഉണ്ടാകും. സ്കൂൾ അധികൃതർക്കും ഇത്തരം വാഹനങ്ങൾ വരുത്തുന്ന നിയമ ലംഘനത്തിനു ഉത്തരവാദിത്തമുണ്ടെന്നും വകുപ്പ് അറിയിച്ചു.
വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട നിബന്ധനകൾ എല്ലാ വിദ്യാലയങ്ങൾക്കും നേരത്തെ നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളെ കുറിച്ച് വിദ്യാലയ അധികൃതരും കുട്ടികളെ ഇത്തരത്തിൽ വാഹനങ്ങളിൽ വിടുന്ന രക്ഷിതാക്കളും ബോധവാന്മാരാകണമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂൾ സമയങ്ങളിൽ എംവിഐമാരുടെ പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ 20 എഎംവിമാരും 8 എംവിഐയും മോട്ടർ വാഹന എൻഫോർസ്മെന്റും ചേർന്നാണ് പരിശോധന തുടരുന്നത്.
ചൊവ്വാഴ്ച കണ്ണൂർ റോഡിൽ നിന്നു വിദ്യാർഥികളെ കയറ്റിയ 2 ബസുകൾ രേഖകളില്ലാതെ മോട്ടർ വാഹന വകുപ്പ് പിടികൂടിയിരുന്നു. രേഖകൾ ഒന്നും ഇല്ലാത്ത ബസിന്റെ ഉടമ 29,000 രൂപ പിഴ അടക്കണം. കൂടാതെ ലൈസൻസ് ഇല്ലെന്ന് അറിഞ്ഞിട്ടും ഡ്രൈവർക്ക് വാഹനം വിട്ടുകൊടുത്ത നടപടിക്കു 5,000 രൂപ പിഴയും അടയ്ക്കണം. ലൈസൻസില്ലാതെ ബസ് ഓടിച്ചതിനു ഡ്രൈവർ 5,000 രൂപ പിഴ അടയ്ക്കണം. ഉടമയും ഡ്രൈവറും പിഴ അടച്ചാൽ മാത്രമേ ബസ് വിട്ടുകൊടുക്കു.





