Kozhikode

കുതിരവട്ടത്തെ നടപടി : ഒപി ബഹിഷ്‍കരണ സമരം നിർത്തിവച്ചതായി കെജിഎംഒഎ

Please complete the required fields.




കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് നടത്തിവന്ന ഒപി ബഹിഷ്‍കരണ സമരം തൽക്കാലത്തേക്ക് നിർത്തിവച്ചതായി കെജിഎംഒഎ. ആരോഗ്യമന്ത്രി വീണ ജോ‍ർജുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിക്കമെന്ന ആവശ്യം മന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഡിഎച്ച്എസിനോട് റിപ്പോർട്ട് തേ‍ടുമെന്നും ബുധനാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വരെ സമരം നിർത്തിവയ്ക്കുകയാണെന്നും കെജിഎംഒഎ വ്യക്തമാക്കി. 

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സൂപ്രണ്ട് കെ.സി.രമേശനെ സസ്പെൻഡ് ചെയ്തത്. ഇതിനുപിന്നാലെ ഒപി ബഹിഷ‍്കരണ സമരവുമായി കെജിഎംഒഎ രംഗത്തെത്തിയിരുന്നു. സ്പെഷ്യാലിറ്റി ഒപി ബഹിഷ്കരണം ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചു.  നാളെ മുതൽ അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും  വഹിക്കുന്ന അധിക ചുമതലകളിൽ നിന്നും വിട്ട് നിൽക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നാളെ ഡിഎച്ച്എസ് സന്ദർശനം നടത്തും. മന്ത്രി ആവശ്യപ്പെട്ട പ്രകാരമുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് വീണ ജോർജ് ആവശ്യപ്പെട്ടിട്ടുള്ളത്. 

Related Articles

Leave a Reply

Back to top button